മോൻസണിന്റെ പക്കലുള്ളത് ഫെറാറി കാർ അല്ല; മിത്‌സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയത്

വാഹന റജിസ്ട്രഷനിലും മോൻസൺ മാവുങ്കൽ വലിയ ക്രമക്കേട് നടത്തിയതായി കണ്ടെത്തൽ. മോൻസന്റെ വാഹനങ്ങൾ വ്യജ രജിസ്‌ട്രേഷനിലുള്ളതാണെന്നാണ് പൊലീസ് സംഘം കണ്ടെത്തിയത്. മോൻസണിന്റെ പക്കലുള്ള പല ആഢംബര കാറുകളും രൂപമാറ്റം വരുത്തിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ( monson mavunkal ferrari car )
മോൻസണിന്റെ കലൂരിലെ വീട്ടിൽ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതിൽ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോൻസന്റെ പക്കലുള്ള ഫെറാറി കാർ പ്രാദേശിക വർക്ക്‌ഷോപ്പിലൂടെ മിത്‌സുബിഷിയുടെ കാർ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും.
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. മോൻസണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും.
Read Also : മോൻസണിന്റെ പക്കൽ കരീന കപൂറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറും
പണമിടപാട് വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോൻസണെ മൂന്നുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കൾ വ്യാജമാണെന്ന് ഇന്നലെ തന്നെ ചോദ്യം ചെയ്യലിൽ മോൻസൺ സമ്മതിച്ചിരുന്നു. പരാതിക്കാർ നൽകിയ ഫോൺരേഖ മോൻസണിന്റേത് തന്നൊയണോ എന്ന് സ്ഥിരീകരിക്കാൻ ശബ്ദപരിശോധന നടക്കുകയാണ്. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ശബ്ദശേഖരണം നടത്തുന്നത്.
Read Also : മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ
മോൻസൺ മാവുങ്കൽ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാർ ആരോപിച്ചത്. 4 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈംബ്രാഞ്ചിന് നിലവിൽ ലഭിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധനയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താൻ വാങ്ങിയിട്ടുണ്ടെന്നും മോൻസൺ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മോൻസൺ ചോദ്യം ചെയ്യലിൽ നിഷേധിച്ചു. 10 കോടി രൂപ താൻ ആരിൽ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മോൻസൺ ആവർത്തിച്ചു. നാല് കോടിയിലെ വിഹിതം ആഡംബര ജീവിതത്തിനായി ഉപയോഗിക്കാനും ബാക്കി തുക പുരാവസ്തുക്കൾ വാങ്ങാനും വിനിയോഗിച്ചതായി മോൻസൺ സമ്മതിച്ചു. പുരാവസ്തുക്കൾ കാണിച്ച് നടത്തിയ തട്ടിപ്പിൽ മോൻസണെതിരെ വഞ്ചനാക്കുറ്റവും ക്രൈംബ്രാഞ്ച് ചുമത്തിയേക്കും.
അതിനിടെ, മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധന നടത്തും. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: monson mavunkal ferrari car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here