തീയറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തെ എതിർത്ത് ഐഎംഎ

തീയറ്റർ തുറക്കുന്നത് സംബന്ധിച്ച സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിലവിലെ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. ( IMA against theatre opening )
തീയേറ്ററുകൾ എസി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളിൽ മാത്രമേ പ്രദർശനം അനുവദിക്കാവൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി. ആൾക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ കൂടിയാലോചനകൾ വേണമെന്നും സഖറിയാസ് പറഞ്ഞു. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുന്നതിൽ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, തീയറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്ന് ഒരു വിഭാഗം തീയറ്റർ ഉടമകൾ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിൻ എന്ന നിലപാട് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിനോദ നികുതി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. സെക്കൻഡ് ഷോയുടെ കാര്യത്തിൽ വ്യക്തത വേണമെന്നും, തീയറ്റർ തുറക്കൽ അതിന് ശേഷം മതിയെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
Read Also : തീയറ്റർ തുറക്കൽ; രണ്ട് ഡോസ് വാക്‌സിൻ നിലപാട് തിരിച്ചടിയാകും; കൂടുതൽ ചർച്ച വേണമെന്ന് ഒരു വിഭാഗം
ഈ മാസം 25 മുതലാണ് സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവർത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റർ ഉടമകൾ ആവശ്യമറിയിച്ചിരുന്നു.
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നതിന് മുന്നോടിയായി വിശദമായ കൂടിയാലോചന നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായാണ് തീയറ്ററുകൾ ഈ മാസം 25 മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇതിന് മുൻപായി സിനിമാ മേഖലയിലെ സംഘടനകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കും. തീയറ്ററുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്നും വിനോദ നികുതിയിൽ ഇളവ് നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: IMA against theatre opening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here