ബയേൺ, പിഎസ്ജി, റയൽ ടീമുകൾക്ക് ഞെട്ടിക്കുന്ന പരാജയം

വിവിധ യൂറോപ്യൻ ലീഗുകളിലെ പ്രമുഖ ടീമുകൾക്ക് ഞെട്ടിക്കുന്ന പരാജയം. ലാ ലിഗയിൽ റയൽ മാഡ്, ഫ്രഞ്ച് ലീഗിൽ പിഎസ്ജി, ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്ക് എന്നീ പ്രമുഖ ക്ലബുകളൊക്കെ പരാജയപ്പെട്ടു. റയലിനെ എസ്പാന്യോൾ അട്ടിമറിച്ചപ്പോൾ താരനിരയുമായി ഇറങ്ങിയ പാരിസ് സെൻ്റ് ജെർമനെ റെന്നസ് ഞെട്ടിച്ചു. എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടാണ് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയത്. (bayern psg madrid lost)
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എസ്പാന്യോൾ റയൽ മാഡ്രിഡിൻ്റെ കുതിപ്പിനു കടിഞ്ഞാണിട്ടത്. എസ്പാന്യോളിന് വേണ്ടി 17ആം മിനിട്ടിൽ റൗൾ ഡി തോമസ് ഗോൾ വേട്ട ആരംഭിച്ചപ്പോൾ 60ആം മിനിട്ടിൽ അലെക്‌സ് വിദാൽ ലീഡ് ഇരട്ടിയാക്കി. 71ആം മിനിട്ടിൽ സൂപ്പർതാരം കരിം ബെൻസേമയാണ് റയലിൻ്റെ ആശ്വാസ ഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റയൽ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞുനിർത്തിയാണ് എസ്പാന്യോൾ വിജയിച്ചത്.
Read Also : ഗോളടിച്ചും അടിപ്പിച്ചും സുവാരസ്; ബാഴ്സക്കെതിരെ അത്‌ലറ്റികോ മാഡ്രിഡിന് ജയം
ലീഗിൽ 8 തുടർജയങ്ങളുമായി മുന്നേറുകയായിരുന്ന പിഎസ്ജിയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്വന്തം തട്ടകത്തിൽ വച്ച് റെന്നസ് കീഴടക്കിയത്. മെസി, എംബാപ്പെ, നെയ്മർ, ഡി മരിയ, വെറാറ്റി, ഡൊണ്ണറുമ്മ തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ പിഎസ്ജിക്കായി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഇത്രയധികം താരങ്ങൾ ടീമിലുണ്ടായിട്ടും ഫ്രഞ്ച് ചാമ്പ്യന്മാർക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ കഴിഞ്ഞില്ല. റെന്നസിനായി 45ാം മിനിറ്റിൽ ഗേറ്റൺ ലബോർഡെയും 46ാം മിനിറ്റിൽ ഫ്‌ലാവിയേൻ ടെയ്റ്റുമാണ് ഗോൾ വല കുലുക്കിയത്. പരാജയപ്പെട്ടെങ്കിലും ഒൻപത് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകൾ നേടി പിഎസ്ജി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
സ്വന്തം മൈതാനത്താണ് ബയേണിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബയേണിനെതിരെ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൻ്റെ ജയം. 29ാം മിനിറ്റിൽ ലിയോൺ ഗോരെറ്റ്‌സ്‌ക ബയേണിന് ലീഡ് സമ്മാനിച്ചെങ്കിലും അവിടെ നിന്ന് തിരിച്ചടിച്ചാണ് കുഞ്ഞൻ ടീം ഐതിഹാസിക വിജയം കുറിച്ചത്. 32ആം മിനിട്ടിൽ മാർട്ടിൻ ഹിന്റെറെഗ്ഗെറിലൂടെ സമനില നേടിയ അവർ 83ആം മിനിട്ടിൽ ഫിലിപ്പ് കോസ്റ്റിച്ചിലൂടെ ജയം ഉറപ്പിച്ചു. പരാജയപ്പെട്ടെങ്കിലും ബയേൺ തന്നെയാണ് ലീഗിൽ ഒന്നാമത്. 7 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റാണ് ബയേണിനുള്ളത്. വെറും 27 ശതമാനം പൊസഷനും 5 ഷോട്ടുകളും കൊണ്ടാണ് എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് വിജയിച്ചത്.
Story Highlights: bayern munich psg real madrid lost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here