എന്താണ് പാൻഡോറ രേഖകൾ? എന്തുകൊണ്ടാണ് പാൻഡോറ പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?

ശതകോടീശ്വരന്മാരുടെ രഹസ്യ നിക്ഷേപങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തൽ പാൻഡോറ പേപ്പേഴ്‌സ് നടത്തിയ പശ്ചാത്തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഞെട്ടിക്കും വിധം ഇന്ത്യയിലെ വന്‍ സെലിബ്രിറ്റികളില്‍ പലരും ഇതില്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ നിക്ഷേപ വിവരത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
സത്യത്തിൽ എന്താണ് ഈ പാൻഡോറ പേപ്പേഴ്‌സ്? എന്തുകൊണ്ടാണ് പാൻഡോറ പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?
പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാൻഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പാൻഡോറ രേഖകളിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.
പാൻഡോറ രേഖകൾ പ്രകാരം 380 ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ടിട്ടുണ്ട്.
പാൻഡോറ രേഖകൾ വെളിപ്പെടുത്തുന്നത് എന്ത് ?
പാൻഡോറ റിപ്പോര്‍ട്ട് ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചു വെച്ച ഇടപാടുകളിലേക്കും, ലക്ഷം കോടി കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്.
ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്‌ഷോർ കമ്പനികളുമായി ചേർന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് എന്ന് രേഖകൾ വെളിപ്പെടുത്തുന്നു.
പനാമ, പാരഡൈസ് രേഖകളിൽ നിന്ന് പാൻഡോറ എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
പനാമ, പാരഡൈസ് രേഖകൾ യഥാക്രമം വ്യക്തികളും കോർപ്പറേറ്റുകളും സ്ഥാപിച്ച ഓഫ്‌ഷോർ സ്ഥാപനങ്ങളെ കുറിച്ചുള്ള അന്വേഷണമായിരുന്നു. കള്ളപ്പണം വെളിപ്പിക്കൽ, ഭീകരവാദ ഫണ്ടിങ്, നികുതി വെട്ടിപ്പ് എന്നിവ ഉയർത്തുന്ന ആശങ്കകളുടെ പേരിൽ അത്തരം ഓഫ്‌ഷോർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ കർശനമാക്കാൻ രാജ്യങ്ങൾ നിർബന്ധിതരായതിന് ശേഷം ബിസിനസുകൾ എങ്ങനെ ഒരു പുതു സാധാരണത്വം (ന്യൂ നോർമൽ) സൃഷ്ടിച്ചുവെന്ന് പാൻഡോറ രേഖകൾ വെളിപ്പെടുത്തുന്നു.
പാൻഡോറയിൽ കുരുങ്ങിയത് ആരൊക്കെ ?
ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റില്‍ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു. ദ്വീപിലെ സാസ് ഇന്‍റർനാഷണല്‍ ലിമിറ്റഡ് എന്ന കമ്പനയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുൻപ് പനാമ പേപ്പർ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സാസ് ഇന്‍റർനാഷണല്‍ ലിമിറ്റഡില്‍ നിന്ന് സച്ചിൻ അടക്കമുള്ളവർ നിക്ഷേപം പിന്‍വലിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
അനില്‍ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നാണ് പാൻഡോറ പേപ്പറിലുള്ളത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുന്‍പ് ഒരു മാസം മുൻപ് സഹോദരി പൂർവി മോദി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി 2018 ല്‍ ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റിലെ കമ്പനിയുടെ ഡയറക്ടറും അൻപതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും പാൻഡോറ പേപ്പർ പറയുന്നു. സിനിമ താരം ജാക്കി ഷ്റോഫ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി അടുപ്പമുള്ളവർ, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമർ പുടിൻ, ജോർദാൻ രാജാവ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻഡോറ പേപ്പറില്‍ വെളിപ്പെടുത്തലുണ്ട്
രഹസ്യ നിക്ഷേപങ്ങളുടെ മൂല്യം എത്ര ?
കണക്കുകൾ കൃത്യമായി പറയുക അസാധ്യമാണ്. എന്നാൽ ICIJ അനുസരിച്ച്, 5.6 ട്രില്യൺ മുതൽ 32 ട്രില്യൺ ഡോളർ വരെയാണ് രഹസ്യ നിക്ഷേപങ്ങളുടെ മൂല്യം. IMF കണക്ക് പ്രകാരം, ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് ഓരോ വർഷവും 600 ബില്യൺ ഡോളർ വരെ നികുതി നഷ്ടപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here