രാഹുൽ ഗാന്ധി പറഞ്ഞത് പോലെ സംഘപരിവാർ വിതയ്ക്കുന്ന വെറുപ്പിന് സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും മറുപടി പറയും ; വി ഡി സതീശൻ

ലഖിംപൂർ ഖേരിയിലെ പ്രതിഷേധ സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനായി എത്തിയ പ്രിയങ്ക ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത് പോലെ സംഘപരിവാർ വിതയ്ക്കുന്ന വെറുപ്പിന് സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും നമ്മൾ മറുപടി പറയുമെന്ന് വിഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സംഘപരിവാറിന്റെ വർഗ്ഗീയതയെ എങ്ങനെയാണോ ഗാന്ധിമാർഗ്ഗത്തിലൂടെ പരാജയപ്പെടുത്തിയത്, അതേ ആശയത്തിൽ ഉറച്ച് വർത്തമാന കാലത്തിലെ സംഘപരിവാർ ഫാസിസത്തെയും നമ്മൾ തോൽപ്പിക്കുമെന്ന് വിഡി സതീശൻ കുറിച്ചു.
വിഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ പരാജയപ്പെടുത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖീംപൂരിലേക്ക്. കുറ്റവാളികളെ ഇപ്പോഴും അറസ്റ്റ് ചെയ്യാത്ത ഉത്തർ പ്രദേശ് പോലീസ് അവരുടെ മുഴുവൻ സമയവും ഊർജ്ജവും ചെലവാക്കിയത് കർഷകരോട് ഐക്യദാർഢ്യവുമായി എത്തിയ പ്രിയങ്ക ഗാന്ധിയെ തടയുന്നതിനാണ്. എല്ലാ നിയമങ്ങളെയും ലംഘിച്ച് അവരെ കസ്റ്റഡിയിൽ വച്ച സർക്കാർ സത്യം മൂടി വയ്ക്കാൻ നടത്തിയ ശ്രമങ്ങളായിരുന്നു എല്ലാം. കസ്റ്റഡിയിലെടുത്തിട്ടും കോടതിയുടെ മുന്നിൽ ഹാജരാക്കാതെ നിയമലംഘനം നടത്തിയ സർക്കാരിനെ കസ്റ്റഡിയിൽ നിരാഹാര സത്യാഗ്രഹത്തിലൂടെയായിരുന്നു പ്രിയങ്ക നേരിട്ടത്. കർഷകരെ കാണാൻ എത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും പഞ്ചാബ് മുഖ്യമന്ത്രിയെയും പോലീസ് തടഞ്ഞു.
രാഹുൽ ഗാന്ധി കൂടി ലഖിംപൂരിലേക്ക് വരുന്നു എന്നറിഞ്ഞ യു.പി. സർക്കാർ ഇന്ന് രാവിലെ വരെ തീരുമാനിച്ചത് രാഹുലിനെയും തടയുക എന്നതാണ്. പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി യു.പി.യിലേക്ക് പുറപ്പെടുന്നു എന്ന് പ്രഖ്യാപിച്ചതോടെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സർക്കാർ ഗാന്ധിക്ക് മുന്നിൽ പതറുകയായിരുന്നു. ലക്‌നൗവിൽ എത്തിയ രാഹുൽ ഗാന്ധിയെ വീണ്ടും തങ്ങളുടെ അധികാരം ഉപയോഗിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചു. എയർപോർട്ടിൽ തന്നെ ധർണ്ണ ഇരുന്ന രാഹുൽ ഗാന്ധിയുടെ മുന്നിൽ വീണ്ടും സർക്കാരിന് അടിയറവ് പറയേണ്ടി വന്നു.
സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ സംഘപരിവാറിന്റെ വർഗ്ഗീയതയെ എങ്ങനെയാണോ ഗാന്ധിമാർഗ്ഗത്തിലൂടെ പരാജയപ്പെടുത്തിയത്, അതേ ആശയത്തിൽ ഉറച്ച് വർത്തമാന കാലത്തിലെ സംഘപരിവാർ ഫാസിസത്തെയും നമ്മൾ തോൽപ്പിക്കും. പ്രിയങ്കയും രാഹുലും ലഖീംപൂരിലേക്ക് ഉള്ള യാത്രയിലാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത് പോലെ സംഘപരിവാർ വിതയ്ക്കുന്ന വെറുപ്പിന് സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും നമ്മൾ മറുപടി പറയും!!
Story Highlights: vd-satheeshan-on-priyanka-rahul-gandhi-visit-to-lakhimpur-kheri-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here