ശുചീകരിക്കാൻ തൊഴിലാളികളോ സംവിധാനങ്ങളോ ഇല്ല; പക്ഷെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം…

ശുചീകരണത്തിന്റെ കാര്യത്തിൽ വീട് മാത്രം വൃത്തിയാക്കിയാൽ മതിയെന്ന് ധരിക്കുന്നവരാണ് നമ്മളിൽ പലരും. അതിന് ഉദാഹരണമാണ് നമുക്ക് ചുറ്റും കുന്നുകൂടുന്ന മാലിന്യങ്ങൾ. വീടും പരിസരവും വൃത്തിയാക്കി മാലിന്യങ്ങൾ റോഡരികിൽ തള്ളുന്ന നമുക്ക് മുന്നിൽ മാതൃകയാവുകയാണ് ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമം. ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായാണ് ഈ സ്ഥലം അറിയപ്പെടുന്നത്. മിസോറാമിലെ ബിയാറ്റെ എന്ന ഗ്രാമമാണ് വൃത്തിയുടെ പേരിൽ പ്രസിദ്ധി നേടിയിരിക്കുന്നത്. ഈ പ്രസിദ്ധിയ്ക്ക് മാറ്റുകൂട്ടുന്നു മറ്റൊരു ഘടകം ഇവിടെ ഗ്രാമം വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളികൾ ഇല്ല എന്നതാണ്.
അതെ, അവിടെ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വമായി കണ്ടാണ് ശുചീകരണ പ്രവർത്തങ്ങൾ ചെയ്യുന്നത്. സ്വന്തം ചുറ്റുപാട് വൃത്തിയാക്കാൻ പണം കൊടുത്ത് ശുചീകരണ തൊഴിലാളികളെ നിർത്തേണ്ട ആവശ്യമില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരിക്കൽ എല്ലാവരും കൂടി ചേർന്നാണ് ഇവിടെ ശുചികരിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ ശുചീകരണ സാധനകളുമായി എല്ലാവരും ഇറങ്ങും. ഓരോ ഭാഗവും വിഭജിച്ച് എല്ലാവരും കൂടെ ചേർന്ന് ശുചീകരണ പ്രവൃത്തി പൂർത്തിയാക്കും. ഇത് മുതിർന്നവരുടെ മാത്രം ഉത്തരവാദിത്വമല്ല. കുട്ടികളെയും ശുചീകരണ പ്രവർത്തങ്ങളിൽ ഏർപ്പെടുത്തും.
മറ്റൊരു കൗതുകകരമായ പ്രത്യേകത എന്തെന്നാൽ ഇവിടെ ശുചിയാക്കി വെക്കുന്നതിനോ മറ്റോ പ്രത്യേക നിയമങ്ങളോ പിഴകളോ ഒന്നും തന്നെയില്ല. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്. സ്ഥലങ്ങൾ ശുചിയല്ലാതെ സൂക്ഷിച്ചാലോ വൃത്തികേടാക്കിയാലോ പിഴയോ ശിക്ഷയോ ഇല്ല. മാലിന്യങ്ങൾ വലിച്ചെറിഞ്ഞാലോ പുക വലിച്ചാലോ ഒന്നും ശിക്ഷയില്ല. അതിൽ നിന്ന് തന്നെ വ്യകതമാണ് ശിക്ഷ ഭയന്നല്ല ആളുകൾ ഇത് ചെയ്യുന്നത് എന്ന കാര്യം. 1800 കളിൽ നടപ്പാക്കിയ ഈ രീതി ഇന്നും അവിടുത്തുകാർ പിന്തുടരുന്നു.
മാത്രവുമല്ല വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഓരോ വീട്ടിലും ഡസ്റ്റ് ബിന്നും മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങളും ഉണ്ട്. മാലിന്യങ്ങൾ ശേഖരിക്കുന്നത് പോലും തരം തിരിച്ചാണ്. ഭക്ഷണ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിങ്ങനെ. മാലിന്യം ശേഖരിക്കാൻ എത്തുന്നവർക്ക് മാത്രം നൽകാൻ ഒരു നിശ്ചിത തുക എല്ലാ കുടുംബങ്ങളും മാറ്റി വെക്കും. വൃത്തിയിൽ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ഇവിടെ രോഗം പിടിപെടുന്നതും വളരെ കുറവാണ്.
Story Highlights: Biate is the cleanest town of Mizoram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here