വിഷവസ്തു ഉപയോഗിച്ച് കൊല ചെയ്തതിന് 10 വർഷം; ശേഷം ഇരട്ടജീവപര്യന്തം; ശിക്ഷാ വിധി ഇങ്ങനെ

ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിന് വിധിച്ചു. വിഷവസ്തു ഉപയോഗിച്ച് കൊല ചെയ്തതിന് 10 വർഷം, തെളിവ് നശിപ്പിച്ചതിന് 7 വർഷം എന്നിങ്ങനെ 17 വർഷം തടവ് ശിക്ഷയ്ക്ക് ശേഷമാണ് വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം ശിക്ഷ. ( uthra murder suraj punishment details )
302 നരഹത്യ ,307 വധശ്രമം, 328 വിഷവസ്തു ഉപയോഗിച്ച് അപായപ്പെടുത്തൽ, 201 തെളിവ് നശിപ്പിക്കൽ എന്നിവയാണ് സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങൾ. 302 ന് 5 ലക്ഷം രൂപ പിഴയും, 328-ാം വകുപ്പിന് 25000 രൂപയും, 307-ാം വകുപ്പിന് 50000 രൂപയും, 201-ാം വകുപ്പിന് 10000 പിഴയുമാണ് വിധിച്ചിരിക്കുന്നത്.
പ്രതി സൂരജ് ജീവതകാലം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് ശിക്ഷാ വിധി. എന്നാൽ വിധിയിൽ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഉത്രയുടെ അമ്മയുടെ പ്രതികരണം.
ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂർഖൻ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിർണായകമായി.
റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.
2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Story Highlights : uthra murder suraj punishment details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here