സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ: ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം; അന്ന ബെനും ജയസൂര്യയും മികച്ച നടീനടന്മാർ

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് മികച്ച ചിത്രം. അന്ന ബെൻ മികച്ച നടിയായും ജയസൂര്യ മികച്ച നടനായും തെരഞ്ഞെടുക്കെപ്പട്ടു. യഥാക്രമം ‘കപ്പേള’യിലെയും ‘വെള്ള’ത്തിലെയും അഭിനയത്തിനാണ് ഇരുവർക്കും പുരസ്കാരം ലഭിച്ചത്. (film awards jayasurya anna)
സെന്ന ഹെഗ്ഡെ ഒരുക്കിയ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രമാണ് മികച്ച രണ്ടാമത്തെ ചിത്രം. ‘എന്നിവർ’ എന്ന സിനിമയിലൂടെ സിദ്ധാർത്ഥ ശിവ മികച്ച സംവിധായകനായി. സുധീഷ് ആണ് മികച്ച സ്വഭാവ നടൻ. എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുധീഷ് പുരസ്കാര ജേതാവായത്. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രീരേഖ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് സ്വന്തമാക്കി. തിങ്കളാഴ്ച നിശ്ചയത്തിൻ്റെ കഥയെഴുതിയ സെന്ന ഹെഗ്ഡെയ്ക്ക് മികച്ച കഥയ്ക്കുള്ള അവാർഡ് ലഭിച്ചു. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ൻ്റെ തിരക്കഥാകൃത്ത് കൂടിയായ ജിയോ ബേബി ഈ വിഭാഗത്തിലും പുരസ്കാരത്തിന് അർഹനായി.
‘കയറ്റം’ എന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ചന്ദ്രു സെൽവരാജാണ് മികച്ച ഛായാഗ്രാഹകൻ. അൻവർ അലി മികച്ച ഗാനരചയിതാവാണ്. മാലിക്കിലെ ‘തീരമേ തീരമേ’ എന്ന പാട്ടും ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലെ ‘സ്മരണകൾ കാടായ്’ എന്ന പാട്ടുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. എം ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനാണ് അവാർഡ്. പശ്ചാത്തല സംഗീതവും ജയചന്ദ്രൻ തന്നെയാണ്. സൂഫിയും സുജാതയുമാണ് സിനിമ.
ഹലാൽ ലവ് സ്റ്റോറിയിലെ ‘സുന്ദരനായവനേ’, വെള്ളത്തിലെ ‘ആകാശമായവളേ’ എന്ന ഗാനങ്ങളിലൂടെ ഷഹ്ബാസ് അമൻ മികച്ച പിന്നണി ഗായകനായി. ‘വാതുക്കല് വെള്ളരി പ്രാവ്’ എന്ന ഗാനം ആലപിച്ച നിത്യ മാമ്മനാണ് പിന്നണി ഗായിക. സീ യൂ സൂൺ എഡിറ്റ് ചെയ്ത മഹേഷ് നാരായണൻ മികച്ച എഡിറ്റർക്കുള്ള അവാർഡ് നേടി. ആർട്ടിക്കിൾ 21 എന്ന ചിത്രത്തിലൂടെ റഷീദ് അഹ്മദ് മികച്ച മേക്കപ്പ് ആർട്ടിസ്റ്റായി. മാലിക്കിൽ കോസ്റ്റ്യൂംസ് നിർവഹിച്ച ധന്യ ബാലകൃഷ്ണനാണ് മികച്ച വസ്ത്രാലങ്കാരം.
ജനപ്രിയ ചിത്രം സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. നവാഗത സംവിധായകൻ മുഹമ്മദ് മുസ്തഫ. കപ്പേളയാണ് സിനിമ.
Story Highlights : state film awards jayasurya anna ben
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here