‘വേണമെങ്കിൽ നീന്തി പോകാമായിരുന്നു; എല്ലാ യാത്രക്കാരേയും രക്ഷിക്കുകയായിരുന്നു ലക്ഷ്യം’; സസ്‌പെൻഷനിലായ കെഎസ്ആർടിസി ഡ്രൈവർ

പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. സസ്‌പെൻഷന് പിന്നാലെയാണ് ജയദീപിന്റെ പ്രതികരണം. ബസ് ഓടിച്ചു പോകുന്നതിനിടെ വെള്ളം പെട്ടെന്ന് കയറുകയായിരുന്നുവെന്ന് ജയദീപ് പറഞ്ഞു. ഇതിന്റെ വിഡിയോയും ജയദീപ് ഫേസ്ബുക്കിൽ പങ്കുവച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ആത്മധൈര്യത്തോടെയാണ് താൻ പെരുമാറിയതെന്ന് ജയദീപ് പറഞ്ഞു. വേണമെങ്കിൽ തനിക്ക് നീന്തി രക്ഷപ്പെടാമായിരുന്നു. എന്നാൽ എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യം. യാത്രക്കാർ തന്നെ ചീത്തപറഞ്ഞോ എന്ന കാര്യവും പരിശോധിക്കണമെന്നും ജയദീപ് പറഞ്ഞു. സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരേയും ജയദീപ് രൂക്ഷമായി പ്രതികരിച്ചു. ഒരു അവധി ചോദിച്ചാൽ പോലും തരാൻ ബുദ്ധിമുട്ടായിരുന്നു. ഇനി മറ്റൊരാളെവച്ച് ബസ് ഓടിക്കട്ടെയെന്നും ജയദീപ് ഫേസ്ബുക്കിൽ കുറിച്ചു.
ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാണ് ഡ്രൈവർക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആർടിസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
Story Highlights : ksrtc driver fb post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here