മട്ടാഞ്ചേരിയിൽ കെട്ടിടം അപകടാവസ്ഥയിൽ; പതിനഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു

എറണാകുളം മട്ടാഞ്ചേരിയിൽ കെട്ടിടം അപകടാവസ്ഥയിൽ. വഖഫ് ഭൂമിയിലുള്ള മട്ടേഞ്ചേരി ബിഗ് ബൻ എന്ന കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. ഇന്നലെ പെയ്ത മഴയിലാണ് കെട്ടിടം കൂടുതൽ അപകടാവസ്ഥയിലായത്. ഇതേ തുടർന്ന് പതിനഞ്ച് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി.
ഇന്നലെ പ്രദേശത്ത് മഴ കനത്ത് പെയ്തിരുന്നു. കനത്ത കാറ്റ് വീശിയതോടെ ഭയന്ന കെട്ടിടത്തിലെ താമസക്കാർ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലർ ഉൾപ്പെടെ സ്ഥലത്തെത്തി. കൗൺസിലർ ഇടപെട്ടാണ് കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന 35 ഓളം പേരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയത്. പ്രായമായ ആളുകൾ ഉൾപ്പെടെ ഇവിടെ താമസിച്ചുവരികയായിരുന്നു.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലം സന്ദർശിച്ച കെ.ജെ മാക്‌സി എംഎൽഎയോട് പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചു. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്.
Story Highlights : mattancheri building danger condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here