ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട്

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ( idamalayar dam blue alert )
ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റർ ആണ്. റൂൾ കർവ് പ്രകാരം ജലസംഭരണിയുടെ ഉയർന്ന ജല വിതാനം (Upper Rule Level)166.80 മീറ്റർ ആണ്.
മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിക്കുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 165.8 മീറ്ററായാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും. 166.3 മീറ്ററായാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും.
ജലനിരപ്പുയർന്നതോടെ തൃശൂർ ഷോളയാർ ഡാം ഇന്ന് തുറക്കും. 100 ക്യുമെക്‌സ് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ തുടരുന്നത്. ചാലക്കുടി ടൗണിൽ നിന്നും 65 കിലോമീറ്റർ കിഴക്കാണ് ഷോളയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
ചിമ്മിനി, പീച്ചി ഡാമുകളിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ കൂടുതൽ ജലം കുറുമാലി, മണലി പുഴകളിലേക്കെത്തും. തീരവാസികൾ ജാഗ്രത പാലിക്കണം. മുന്നൂറിലധികം പേരാണ് തൃശൂർ ജില്ലയിൽ വിവിധയിടങ്ങളിലായി ക്യാമ്പുകളിൽ കഴിയുന്നത്. കക്കി ആനത്തോട് ഡാമും ഇന്ന് തുറക്കും.
Read Also : പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട്
അതേസമയം മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയർന്നാൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Story Highlights : idamalayar dam blue alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here