Advertisement

ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ വിനയ് അറിയിച്ചത് ഒരു പിറന്നാൾ കേക്ക് എന്ന ആഗ്രഹം; വിനയിക്ക് മാത്രമല്ല, ഗാന്ധിഭവനിലെ കുരുന്നുകൾക്കും കേക്ക് തയാറാക്കി നൽകാനൊരുങ്ങി യുവ സംരംഭക

October 20, 2021
2 minutes Read
sangeetha fulfill vinay wish

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലെ മത്സരാർത്ഥി വിനയ് വി.കെ എന്ന ചെറുപ്പക്കാരനായിരുന്നു. മത്സരത്തിനിടെ വിനയ് ഒരു ആഗ്രഹം പറഞ്ഞു. പിറന്നാളിന് റെഡ് വെൽവെറ്റ് കേക്ക് വേണം എന്ന്. അനാഥനായ വിനയ്‌യുടെ ഒരു കേക്ക് എന്ന ആഗ്രഹം പരിപാടി കണ്ടുകൊണ്ടിരുന്ന സംഗീതയുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്ന് ഈ യുവാവിന്റെ ആഗ്രഹം സഫലീകരിക്കുന്നതിനുള്ള പ്രയത്‌നത്തിലാണ് സംഗീത. വിനയ്‌യുടെ പിറന്നാളായ ഒക്ടോബർ 31ന് സംഗീത റെഡ് വെൽവെറ്റ് കേക്കുമായി നെടുംബാശേരിയിലെ താമസസ്ഥലത്ത് എത്തും.

ഫ്‌ളവേഴ്‌സിന്റെ തന്നെ പരിപാടിയായ സംരംഭകയിലെ മത്സരാർത്ഥിയായിരുന്നു സംഗീത. സംരംഭകയിലെ ഓഡിഷനിൽ സംഗീതയും പങ്കെടുത്തു. സംഗീത ഓഡിഷനിലെല്ലാം സെലക്ട് ആയെങ്കിലും, അടുത്ത റൗണ്ടുകളിലേക്ക് സംഗീതയ്ക്ക് കടക്കാൻ സാധിച്ചിരുന്നില്ല. ഇതിൽ ചെറിയ വിഷമം ആ സമയത്ത് ഉണ്ടായിരുന്നുവെങ്കിലും, തന്റെ ഭാഗത്ത് നിന്നുമുള്ള എന്തെങ്കിലും പോരായ്മ ആയിരിക്കുമല്ലോ അടുത്ത റൗണ്ടിലേക്ക് കടക്കാതിരിക്കാൻ കാരണമെന്ന് സംഗീത മനസിലാക്കി. പിന്നീട് തന്റെ പോരായ്മകൾ പരിഹരിക്കാനുള്ള യജ്ഞത്തിലായിരുന്നു സംഗീത. ആ തിരിച്ചറിവിൽ നിന്ന് തുടങ്ങിയ പ്രയാണം സംഗീതയെ എത്തിച്ചത് ‘സ്വീറ്റ് മേറ്റ്‌സ്’ എന്ന സംരംഭത്തിലാണ്. നാല് വർഷങ്ങളായി ഈ സംരംഭം സംഗീത നടത്തുന്നുണ്ടായിരുന്നുവെങ്കിലും ഇന്ന് കാണുന്ന രൂപത്തിൽ, ലൈസൻസും ലോഗോയും പാക്കിംഗുമെല്ലാം നൽകി ഏതൊരു വൻകിട കേക്ക് സംരംഭത്തിനൊപ്പം കിടപിടിക്കാൻ തക്ക കരുത്തുള്ള ഒരു കുഞ്ഞു സാമ്രാജ്യമാക്കി മാറ്റിയത് ഫ്‌ളവേഴ്‌സിൽ നിന്ന് ലഭിച്ച കരുത്ത് കൊണ്ടാണെന്ന് സംഗീത പറയുന്നു.

തൃശൂർ സ്വദേശിയായ വിനയ് കുട്ടിക്കാലം മുതൽ തന്നെ അനാഥനാണ്. മുംബൈയിൽ ജോലി ചെയ്യുന്നുവെന്ന കേട്ടറിവ് മാത്രമുള്ള അച്ഛനെ തേടി വിനയ് മുംബൈയിലേക്ക് വണ്ടി കയറിയിട്ടുണ്ട്. എന്നാൽ കഷ്ടപ്പെട്ട് അധ്വാനിച്ച പണമെല്ലാം യാത്രാ മധ്യേ നഷ്ടമായി. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി. ആരുമില്ലെന്ന ഒറ്റപ്പെടലിനിടെയാണ് വിനയ് തനിക്കൊരു സഹോദരിയുണ്ടെന്ന് മനസിലാക്കുന്നത്. സഹോദരി ശ്രീക്കുട്ടി പത്താനംപുരം ഗാന്ധി ഭവനിലെ സംരക്ഷണയിലാണ്. ഈ മാസം 29-ാം തിയതി വിനയ് സഹോദരിയുടെ അടുത്തേക്ക് പോകും. അവിടെ സഹോദരി ഉൾപ്പെടെയുള്ള കുട്ടികൾക്ക് നൽകാൻ കേക്ക് പീസുകളും വിനയ് സംഗീതയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഗീത നിറഞ്ഞ മനസോടെ ഈ ആഗ്രഹവും പൂർത്തീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

സംഗീത ഇതാദ്യമായല്ല താൻ തയാറാക്കുന്ന രുചിയൂറും കേക്കിൽ സ്‌നേഹവും കരുണയും ചാലിച്ച് വിതരണം ചെയ്യുന്നത്. പല പിറന്നാൾ ആഘോഷങ്ങൾക്കും കേക്ക് മുഖത്തും മറ്റും തേച്ച് നാം പാഴാക്കുമ്പോൾ നിരവധി പേരാണ് ഒരു കേക്കിന് വേണ്ടി കൊതിക്കുന്നതെന്ന് സംഗീത പറയുന്നു. അതുകൊണ്ട് തന്നെ നിർധനരായവർക്ക് സൗജന്യമായും സംഗീത കേക്ക് നൽകാറുണ്ട്.

സംഗീതയുടെ കേക്ക് സംരംഭത്തിന് പിന്നിൽ ഇത്തരമൊരു കരുണയുടെ കഥയുണ്ട്. ‘നാല് വർഷങ്ങൾക്ക് മുൻപുള്ള ഒരു ക്രിസ്മസ് കാലം….അന്ന് സംഗീത പതിവ് പോലെ കുടുംബവുമൊത്ത് കലൂർ പള്ളിയിലെത്തിയതായിരുന്നു. പള്ളിക്ക് മുൻപിൽ തിരക്കായതിനാൽ അൽപം മാറിയാണ് സംഗീതയും മകനും ഇറങ്ങിയത്. ഭർത്താവ് കാർ പാർക്ക് ചെയ്യാനായി പോയി. ഭർത്താവ് വരുന്നത് കാത്ത് മകനുമൊത്ത് നിന്നപ്പോഴാണ് സംഗീതയ്ക്ക് പിന്നിൽ നിന്ന് ഒരു നിസഹായ സ്വരം കേൾക്കുന്നത്… ‘ക്രിസ്മസ് ആയിട്ട് നമുക്ക് ഒരു കേക്ക് പോലും ആരും തന്നില്ലല്ലോ’…സംഗീത തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അന്ധനായ ഒരു മനുഷ്യനും അയാളുടെ മകനും ഒരു ബേക്കറിയിൽ നിന്ന് ഇറങ്ങി വരുന്നതാണ്. ഉടൻ തന്നെ സംഗീത അവരുടെ അടുത്ത് പോയി കാര്യം തിരക്കി. തിരുവനന്തപുരം സ്വദേശിയായ ബൈജു എന്ന നിർധനനായ വ്യക്തി തിരുപ്പിറവി പ്രമാണിച്ച് കലൂർ പള്ളിയിൽ തീർത്ഥാടനത്തിനായി എത്തിയതായിരുന്നു. ക്രിസ്മസ് ആയിട്ട് ഒരു കേക്ക് കഴിക്കാൻ ആഗ്രഹം തോന്നിയെന്നും, പണമില്ലാത്തതിനാൽ കേക്ക് വാങ്ങാൻ സാധിക്കുന്നില്ലെന്നും അയാൾ ഏറെ വിഷമത്തോടെ സംഗീതയോട് പറഞ്ഞു. സംഗീത പിന്നെ വേറൊന്നും ആലോചിച്ചില്ല. ബൈജുവിനേയും മകനേയും കൂട്ടി ബേക്കറിയിലേക്ക് നടന്നു. അവർക്കിഷ്ടമുള്ള കേക്ക് വാങ്ങി നൽകി’. അന്ന് അവർ സംഗീതയേയും കുടുംബത്തിനേയും കുറേ അനുഗ്രഹിച്ചു. അന്ന് സംഗീത ബൈജുവിനും കുടുംബത്തിനും മറ്റൊരു കടയിൽ നിന്ന് കേക്ക് വാങ്ങി നൽകി. ഇന്ന് സ്വന്തം കൈകൊണ്ട് തയാറാക്കിയ കേക്കുകൾ നൂറിലേറെ പേർക്കാണ് സംഗീത പ്രതിദിനം നൽകുന്നത്. സ്വീറ്റ് മേറ്റ്‌സ് എന്ന സംരംഭം പണം മാത്രം ലക്ഷ്യം വച്ചല്ല ആരംഭിച്ചത്…അത് ബൈജുവിനെ പോലുള്ള നിരവധി പേരുടെ ആഗ്രഹസഫലീകരണത്തിന് കൂടി വേണ്ടിയാണ്…

സംരംഭക എന്ന പരിപാടിയിൽ എത്തുമ്പോൾ സംഗീതയ്ക്ക് രണ്ട് ഫ്‌ളേവറുള്ള കേക്ക് തയാറാക്കാൻ മാത്രമേ അറിയുമായിരുന്നുള്ളു. എന്നാൽ ഇന്ന് നിരവധി വൈവിധ്യമാർന്ന കേക്കുകൾ സംഗീത തയാറാക്കുന്നു. വിവിധ ഫ്‌ളേവറുകളിലുള്ള കേക്കുകൾ, ക്രീം കേക്കുകൾ, പുഡ്ഡിംഗ് കേക്കുകൾ, മഫിൻസ് എന്നിവയാണ് സംഗീത തയാറാക്കുന്നത്. ഹണി പുഡ്ഡിംഗ് കേക്ക്, പൈനാപ്പിൾ പുഡിംഗ് കേക്ക്, ബട്ടർ സ്‌കോച്ച് പുഡ്ഡിംഗ് കേക്ക് എന്നിവയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാർ. ഇതിന് പുറമെ ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവറ്റ് തുടങ്ങി ക്രീം കേക്കുകളുടെ വലിയ നിര, ഇതിന് പുറമെ പ്ലം കേക്കുകൾ, കാരറ്റും ഈന്തപ്പഴവും ചേർത്ത കേക്കുൾ…ഇവയെല്ലാം സംഗീത തന്നെയാണ് തയാറാക്കുന്നത്.

സംഗീതയുടെ ആലുവയിലെ വീട്ടിലെ ഒരു കുഞ്ഞു മുറിയിലാണ് കേക്കുകൾ തയാറാക്കുന്നത്. കേക്കിന്റെ കൂട്ട് തയാറാക്കുന്നതെല്ലാം സംഗീത തനിയെ ആണ്. ഈ കൂട്ട് വിവിധ അളവുകളിലുള്ള മോൾഡിലേക്ക് പകർന്ന് ബേക്ക് ചെയ്യാനും, മറ്റ് ശുചീകരണ പ്രവർത്തനങ്ങൾക്കുമെല്ലാമായി ഒരു സഹായിയും സംഗീതയ്ക്കുണ്ട്. ഈ ഒറ്റ മുറിയിൽ നിന്ന് പ്രതിദിനം നൂറിലേറെ കേക്കുകൾ വിറ്റ് പോയ ദിവസം വരെയുണ്ട്.

Read Also : കാസർഗോഡ് നിന്ന് കന്യാകുമാരി വരെ ‘നടത്തം’; ലക്ഷ്യം നിർധനരായ കുട്ടികൾക്ക് വേണ്ടിയുള്ള ധനസമാഹരണം

ആലുവ പാനായിക്കുളത്താണ് സംഗീത കുടുംബവുമൊത്ത് താമസിക്കുന്നത്. അവിടെ നിന്ന് കൊച്ചിയിൽ എവിടെ വേണമെങ്കിലും സംഗീത കേക്ക് എത്തിച്ചു കൊടുക്കും. കേക്കുകൾ കൃത്യസമയത്ത് എത്തിക്കാൻ ഒരു സഹായിയും സംഗീതയ്ക്കുണ്ട്.

തൃശൂർ സ്വദേശിനിയായ സംഗീത വിവാഹം ചെയ്തിരിക്കുന്നത് എഞ്ചിനീയറായ പ്രദീപിനെയാണ്. ഇരുവർക്ക് രണ്ട് കുട്ടികളുണ്ട്. അദ്വൈതും, അമേയയും.

ഇപ്പോഴും പതിവായി സംഗീത കേക്കുമായി ക്രിസ്മസ് കാലത്ത് കലൂർ പള്ളി പരിസരത്ത് പോകും….ബൈജു ചേട്ടനേയും കുടുംബത്തേയും തിരിഞ്ഞ്….പക്ഷേ പിന്നീടൊരിക്കലും സംഗീതയ്ക്ക് ആ കുടുംബത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല….അവർക്കായി തയാറാക്കിയ കേക്ക് പരിസരത്തുള്ള നിർധനരായവർക്ക് നൽകി മടങ്ങും…. താൻ ഇന്ന് ഒരു സംരംഭകയുടെ വേഷത്തിൽ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം ബൈജു ചേട്ടനാണെന്ന് സംഗീത പറയുന്നു…ബൈജു ചേട്ടനെ എന്നെങ്കിലും നേരിൽ കണ്ട് താൻ തയാറാക്കിയ കേക്ക് നൽകണമെന്നാണ് സംഗീതയുടെ ഏറ്റവും വലിയ ആഗ്രഹം.

ആ പിറന്നാൾ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് സംഗീത. തന്റെ കേക്കിലൂടെ ആ കുഞ്ഞ് കണ്ണുകളിലെ സന്തോഷം കാണണം…ഒപ്പം ഗാന്ധിഭവനിലെ കുരുന്നുകളുടേയും….

Story Highlights : sangeetha fulfill vinay wish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top