‘സിജി ഉണ്ണികൃഷ്ണന്റെ പിതാവിനു പറയാനുള്ളത്’; ഫേസ്ബുക്ക് വിഡിയോ

ട്വൻ്റിഫോറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പ്രസ്താവനകൾ നടത്തുന്ന സിജി ഉണ്ണികൃഷ്ണനെതിരെ പിതാവ് പ്രസന്നചന്ദ്രൻ പിള്ള രംഗത്ത്. 15ആം വയസ്സു മുതൽ തന്നെ സിജി ചില പ്രശ്നങ്ങൾ കാണിച്ചുതുടങ്ങിയെന്നും പല ഡോക്ടർമാരെ കാണിച്ചെങ്കിലും അസുഖം പൂർണമായും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത വിഡിയോകളിലൂടെയാണ് പ്രസന്നചന്ദ്രൻ പിള്ളയുടെ വിശദീകരണം. (siji unnikrishnan father facebook)
പ്രസന്നചന്ദ്രൻ പിള്ളയുടെ ആദ്യ വിഡിയോ:
ഇവിടെ ഈ വയസ്സ് കാലത്ത് ഇങ്ങനെ വരേണ്ടിവരും എന്ന് കരുതിയതല്ല. ഫേസ്ബുക്ക് തുടങ്ങിയത് എൻ്റെ നിവർത്തികേടിൽ നിന്നാണ്. കൊച്ചുമക്കളുടെ സഹായത്തോടെ ഇത് തയ്യാറാക്കിയതും എൻ്റെ നിസ്സഹായതയിൽ നിന്നാണ്. എൻ്റെ മകൾ സിജി പി ചന്ദ്രൻ എന്ന സിജി ഉണ്ണികൃഷ്ണൻ ഇപ്പോൾ ഓൺലൈൻ പത്രങ്ങളിലും വീഡിയോ ചാനലുകളിലും നിറഞ്ഞു നിൽക്കുന്ന സാഹചര്യമാണല്ലോ. കുടുംബ പ്രശ്നങ്ങളെ പൊതു സ്ഥലത്ത് തുറന്നടിച്ച് അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ആ കുട്ടി. അവൾക്ക് 15 വയസ്സ് ആയകാലം മുതൽ ഞാൻ അനുഭവിക്കുന്ന മനോവേദനയാണിത്. കാണിക്കാത്ത ഡോക്ടർമാരില്ല. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ മനോരോഗ വിദഗ്ധരെ തന്നെ ഞാൻ കാണിച്ചിട്ടുണ്ട്. വിവാഹ ശേഷം അവളുടെ ഭർത്താവും കുറെ ചികിത്സിപ്പിച്ചു. പക്ഷെ ഇപ്പോൾ ആ രോഗം അനേകം പേരുടെ സ്വസ്ഥത തകർക്കുന്ന അപകടകരമായ അവസ്ഥയിലാണ്. ഇനി എല്ലാവരും സത്യം അറിയണം. എൻ്റെ മകൾക്ക് വേണ്ടി ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു.
അടുത്ത വിഡിയോ:
എൻ്റെ മകളുടെ വാക്കുകൾ കേട്ടിട്ട് വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർ ദയവായി ശ്രദ്ധിക്കുക. ഒരു വാർത്ത കൊടുക്കുമ്പോൾ അതിൻ്റെ എല്ലാ വശവും പരിശോധിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമില്ലേ ? ഒരു തെറ്റായ വാർത്ത കണ്ടിട്ട് ഞാൻ ഒരു വലിയ മാധ്യമപ്രവർത്തകൻ ജഗദീഷിനെ വിളിച്ചു. അത് തെറ്റാണെന്നും ഞാൻ സിജിയുടെ സ്വന്തം അച്ഛനാണെന്നും പറഞ്ഞു. പക്ഷെ എൻ്റെ വാക്കുകൾ അദ്ദേഹം കേട്ടില്ല. ഞാൻ പറഞ്ഞ കാര്യം വാർത്തയായി നൽകിയിട്ടുമില്ല. ഒരു വയസ്സനാണ് ഞാൻ ഒരുപാട് അസുഖങ്ങളുണ്ട്… ദയവായി നിങ്ങൾ ശ്രദ്ധിക്കുക.
മൂന്നാമത്തെ വിഡിയോ:
പോലീസ് നടപടി എടുക്കുന്നില്ല എന്നൊക്കെയുള്ള വാദം ശരിയല്ല. എൻ്റെ മകൾ നൽകിയ പരാതിയിൽ ആലപ്പുഴയിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പോലീസിനെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ഒക്കെ പൊതുവിടത്തിലേക്ക് വെറുതെ വലിച്ചിഴയ്ക്കുകയാണ്. കള്ളപരാതി കൊടുത്തുകൊണ്ടേയിരിക്കുകയാണ്. ഇക്കാര്യത്തിൽ കോടതിയോ മറ്റ് അധികാരികളോ അടിയന്തരമായി ഇടപെടണം. അധികാരമുള്ളവരുടെ മേൽനോട്ടത്തിൽ എൻ്റെ മകളെ ചികിത്സിക്കാൻ ഇപ്പോഴും ഞാൻ തയ്യാറാണ്. എനിക്ക് മുന്നിൽ ഇനി മറ്റു മാർഗങ്ങളില്ല. ചികിത്സയ്‌ക്ക് അവൾ സഹകരിക്കണം.
Story Highlights : siji unnikrishnan father facebook video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here