ഡെങ്കിപ്പനി; ലഖിംപൂർ ഖേരി പ്രതി ആശിഷ് മിശ്ര ആശുപത്രിയിൽ

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശിഷ് മിശ്രയെ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. എന്നാൽ മിശ്ര ഡെങ്കി ബാധിതനാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. രക്ത സാമ്പിളുകൾ ലാബിലേക്ക് അയച്ചുവെന്ന് ജയിൽ അധികൃതർ അറിയിച്ചു.
ഒക്‌ടോബർ 3 നാണ് സംഭവം. കേന്ദ്ര കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷക സമരത്തിലേക്ക് ആശിഷ് മിശ്ര വാഹനം ഓടിച്ചുകയറ്റി. നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും അപകടത്തിൽ മരിച്ചു. കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഒക്ടോബർ 9 ന് മന്ത്രി പുത്രനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 10 മണിക്കൂറിലേറേ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കർഷകർക്ക് ഇടയിലേക്ക് വാഹന ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് അശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ സംഭവം നടക്കുന്ന സമയം താൻ സ്ഥലത്തില്ലായിരുന്നെന്ന് ആശിഷ് അന്വേഷണ സംഘത്തിനു മുന്നിൽ ആവർത്തിച്ചു. പിന്നീട് ഇത് കള്ളമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്രയടക്കം 13 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here