Advertisement

ടി-20 ലോകകപ്പ്: ഇന്ന് അഫ്ഗാനിസ്ഥാനും സ്കോട്ട്‌ലൻഡും മുഖാമുഖം

October 25, 2021
2 minutes Read
world cup afganistan scotland

ടി-20 ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാനും സ്കോട്ട്ലൻഡും പരസ്പരം ഏറ്റുമുട്ടും. സൂപ്പർ 12 രണ്ടാം ഗ്രൂപ്പിൽ ഇന്ത്യൻ സമയം രാത്രി 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. യോഗ്യതാ മത്സരം കളിച്ചാണ് സ്കോട്ട്ലൻഡ് എത്തിയത്. സ്കോട്ട്ലൻഡ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് അവർ ടി-20 ലോകകപ്പ് ആദ്യ റൗണ്ടിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ചാമ്പ്യന്മാരായി സൂപ്പർ 12ൽ പ്രവേശിച്ച സ്കോട്ട്ലൻഡ് അഫ്ഗാനിസ്ഥാന് വെല്ലുവിളി ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ചുരുങ്ങിയ കാലം കൊണ്ട് മികച്ച ലിമിറ്റഡ് ഓവർ ടീമായി മാറിയ അഫ്ഗാനിസ്ഥാൻ ജയത്തോടെ തുടങ്ങാനാണ് കളത്തിലിറങ്ങുക. (world cup afganistan scotland)

സ്കോട്ട്ലൻഡും അഫ്ഗാനിസ്ഥാനും തമ്മിൽ 6 തവണയാണ് ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. 6 തവണയും അഫ്ഗാനിസ്ഥാൻ വിജയിച്ചു. എന്നാൽ, അവസാനം ഇരുവരും ഏറ്റുമുട്ടിയത് അഞ്ച് വർഷങ്ങൾക്കു മുൻപാണ്. ക്യാപ്റ്റൻ കെയിൽ കോട്സർ, വിക്കറ്റ് കീപ്പർ മാത്യു ക്രോസ്, റിച്ചാർഡ് ബെരിങ്ടൺ എന്നിവരാണ് സ്കോട്ടിഷ് നിരയുടെ ബാറ്റിംഗിനെ മുന്നോട്ടുനയിക്കുന്നത്. ക്രിസ് ഗ്രീവ്സ് ബാറ്റിംഗിലും ബൗളിംഗിലും മികവു പുലർത്തുന്നു. സഫ്യാൻ ഷരീഫ്, ജോഷ് ഡെവി എന്നിവർ ബൗളിംഗിൽ മികച്ചുനിൽക്കുന്നു. അതിനപ്പുറം ഒരു ടീം എന്ന നിലയിൽ മികച്ച ഒത്തിണക്കമാണ് സ്കോട്ട്ലൻഡിൻ്റെ വിജയം.

Read Also : ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യയുടെ പരാജയം; കശ്മീരി വിദ്യാർത്ഥികൾക്കെതിരെ ആക്രമണമെന്ന് പരാതി

സന്നാഹമത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസിനെ അനായാസം കീഴടക്കിയ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വീണു. മുഹമ്മദ് ഷഹ്സാദ്, ഹസ്രത്തുള്ള സസായ്, റഹ്മതുള്ള ഗുർബാസ് എന്നീ ആദ്യ മൂന്ന് നമ്പർ താരങ്ങളാണ് അഫ്ഗാൻ്റെ ബാറ്റിംഗ് നിരയുടെ കരുത്ത്. മധ്യനിരയുടെ ഫോം സന്നാഹമത്സരങ്ങളിൽ വേണ്ട രീതിയിൽ പരീക്ഷിക്കപ്പെട്ടില്ലെന്നത് ആശങ്കയാണ്. മുഹമ്മദ് നബിയും മുജീബ് റഹ്മാനും മികച്ച ഫോമിലാണ്. റാഷിദ് ഖാനും ഫോമിൽ തന്നെ. നവീനുൽ ഹഖും സന്നാഹമത്സരങ്ങൾ നന്നായി പന്തെറിഞ്ഞു. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ താരങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവമെങ്കിലും അഫ്ഗാനിസ്ഥാൻ കരുത്തരാണ്. പല താരങ്ങളും ലോകത്തെ വിവിധ ടി-20 ലീഗുകളിൽ കളിക്കുന്നവരും ഐസിസി റാങ്കിംഗിൽ ഉയർന്ന സ്ഥാനങ്ങളിലുള്ളവരുമാണ്. താരതമ്യേന അഫ്ഗാനിസ്ഥാൻ തന്നെയാണ് കരുത്തരെങ്കിലും ടി-20യിൽ ആർക്കും ആരെയും പരാജയപ്പെടുത്താം.

Story Highlights : t20 world cup afganistan scotland

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top