‘രാജാവാണെന്ന് പൊലീസ് കരുതരുത്’; പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി

പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി രംഗത്ത്. രാജാവാണെന്ന് പോലീസ് കരുതരുത്. ജനാധിപത്യത്തിൽ പോലീസ് അടിച്ചമർത്താനുള്ള സേനയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ( justice devan ramachandran against police )
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കവെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടിയത്. നേരത്തെ പൊലീസ് അതിക്രമങ്ങൾക്കെതിരായ പരാതികളിൽ പലതവണ ഹൈക്കോടതി നിശിത വിമർശനം നടത്തിയിരുന്നു. പൊലീസിനും ജഡ്ജിക്കും വേണ്ടത് ഭരണഘടനാ ബോധമാണ്. രാജാവാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ കരുതരുത്. പൊലീസിന്റെ മാനസികാവസ്ഥ മാറണം. ജനാധിപത്യത്തിൽ ജനം മാത്രമാണ് രാജാവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Read Also : കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മിഷൻ; പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി
തെറ്റ് ചെയ്തെന്ന് പറഞ്ഞാൽ പോലീസിന്റെ ധാർമ്മികത തകരില്ല. സമൂഹം സസൂക്ഷ്മം നിരീക്ഷിക്കുന്നത് കൊണ്ട് തന്നെ തെറ്റ് ചെയ്താൽ ആരും കണ്ടുപിടിക്കില്ലെന്ന് ഉദ്യോഗസ്ഥർ കരുതരുത്. പൊലീസിനെ കുറിച്ചുള്ള നിരവധി പരാതികൾ നിരന്തരം കോടതികളിൽ എത്തുന്നുണ്ട്.
തെറ്റ് ചെയ്ത ഉദ്യോഗസ്ഥരെ മാറ്റി നിർത്താനുള്ള മനോധൈര്യം പൊലീസ് സേനയ്ക്കുണ്ടാകണം. ജനമൈത്രി സ്റ്റേഷനുകൾ എന്ന പേരിൽ പ്രത്യേക സ്റ്റേഷനുകളല്ല വേണ്ടതെന്നും മറിച്ച് എല്ലാ സ്റ്റേഷനുകളും ജനമൈത്രി ആകണമെന്നും ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Story Highlights : justice devan ramachandran against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here