കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന കലാകാരന്‍മാര്‍ക്ക് ഊര്‍ജം പകര്‍ന്ന് ‘ഞാന്‍ സെലിബ്രിറ്റി’യെന്ന ഹ്രസ്വചിത്രം

കൊവിഡ് മഹാമാരിയില്‍ ജീവിതം പ്രതിസന്ധിയിലായ കലാകാരന്മാരുടെ കഥ പറയുകയാണ് കലാഭവന്‍ സതീഷ് ഒരുക്കിയ ‘ഞാന്‍ സെലിബ്രിറ്റി’ എന്ന ഹ്രസ്വചിത്രം. കൊവിഡിനിടയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കലാരംഗത്ത് ഒട്ടേറെ പേരാണ് പ്രതിസന്ധി നേരിടുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ മിക്ക മേഖലകളും സജീവമായി തുടങ്ങുമ്പോഴും വലിയൊരു വിഭാഗം കലാകാരന്മാര്‍ ആശ്രയിക്കുന്ന സ്‌റ്റേജ് ഷോകള്‍ ഇപ്പോഴും സജീവമായി തുടങ്ങിയിട്ടില്ല.
പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം വഴിമുട്ടാതിരിക്കാന്‍ ഭൂരിഭാഗം കലാകാരന്മാര്‍ക്കും മറ്റ് ജോലികളിലേക്ക് തിരിയേണ്ടിവന്നു. എന്നാല്‍ ബാധ്യതകള്‍ക്കിടയില്‍ ജീവിതവും ജീവനും നഷ്ടമായവരുടെ എണ്ണം ചെറുതല്ല. അത്തരം കലാകാരന്മാരുടെ ജീവിതത്തിന്റെ നേര്‍ചിത്രമാണ് ‘ഞാന്‍ സെലിബ്രിറ്റി’യിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവത്തില്‍ ശബ്ദ വിസ്മയങ്ങള്‍ കൊണ്ട് അമ്പരപ്പിച്ച കലാകാരനാണ് കലാഭവന്‍ സതീഷ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കലാഭവന്‍ സതീഷ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നതും.
കലാഭവന്‍ മഹേഷ് എന്ന കലാകാരന്റെ ജീവിതത്തില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും കുടുംബ പ്രശ്‌നങ്ങളും മനസിന്റെ താളം തെറ്റുന്ന അവസ്ഥയിലേക്ക് എത്തുമ്പോള്‍ ഒരു കലാകാരന്‍ സാഹചര്യങ്ങള്‍ നേരിടേണ്ട രീതി പങ്കുവെച്ച് പ്രതീക്ഷ പകരുന്ന ഹ്രസ്വചിത്രമാണ് ഞാന്‍ സെലിബ്രിറ്റി.
കലാഭവന്‍ സതീഷിനൊപ്പം അതിഥി വേഷത്തില്‍ സുനില്‍ സുഖദയും എത്തുന്നുണ്ട്. നിഖില്‍കുമാര്‍ സി.എസ് ആണ് അസിസ്റ്റന്റ് ഡയറക്ടര്‍. സത്യകൃഷ്ണയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. രാജീവ് വര്‍ഗീസ് ആണ് പ്രൊജക്ട് ഡിസൈനര്‍. എഡിറ്റ് മ്യൂസിക് ആന്റ് സൗണ്ട് ഡിസൈന്‍- ഷാഹില്‍ ചാക്കോ, ക്യാമറ- നിഖില്‍ രാംദാസ്.
Story Highlights :njan celebrity short film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here