Advertisement

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണത്തിന് വിദ്ഗധ സമിതി; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

October 27, 2021
2 minutes Read
supreme court verdict on pegasu

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ചു. പെഗസിസുമായി ബന്ധപ്പെട്ട പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സുപ്രിംകോടതിയെ അറിയിക്കും. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം സുപ്രിംകോടതിയുടെ നിരീക്ഷണത്തിലായിരിക്കും. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ തീരുമാനം.

സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഭരണഘടനാ ആവശ്യങ്ങള്‍ക്കനുസൃതമായിരിക്കണം സ്വകാര്യതയിലുള്ള ഇടപെടലുകള്‍. നിയമങ്ങള്‍ വഴിയല്ലാതെ ഏതെങ്കിലും തരത്തിലുള്ള കൈകടത്തലുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവരാണ് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

റിട്ടയേഡ് സുപ്രിംകോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെയാണ് സുപ്രിംകോടതി നിയോഗിച്ചത്. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സികിലെ പ്രൊ.ഡോ നവീന്‍കുമാര്‍ ചൗധരി(ഗുജറാത്തിലെ ഗാന്ധി നഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ ഡീന്‍), ഡോ.പി പ്രഭാകരന്‍ (പ്രൊഫസര്‍, അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം), ഡോ.അശ്വിന്‍ അനില്‍ ഗുമസ്‌തെ (അസോസിയേറ്റ് പ്രൊഫസര്‍, ഐഐടി മുംബൈ) എന്നിവരടങ്ങിയതാണ് സമിതി.

കോടതി പലതവണ ആവശ്യപ്പെട്ടിട്ടും രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമിതി അടിയന്തരമായി പ്രവര്‍ത്തനം ആരംഭിക്കണം. എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. വിഷയത്തില്‍ കോടതിക്ക് മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആവശ്യത്തിലധികം സമയം അനുവദിച്ചിരുന്നതാണെന്നും കോടതി വ്യക്തമാക്കി.

Read Also : പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണത്തിൽ വിധി ഇന്ന്

അന്വേഷണത്തിന് സ്വന്തം നിലയില്‍ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിക്ക് മറുപടി നല്‍കിയിരുന്നില്ല. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുന്‍നിര്‍ത്തി അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

Story Highlights : supreme court verdict on pegasus, pegasus spyware

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top