ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 37 വയസ്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിത മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 37 വയസ്. ഭരണാധികാരിയെന്ന നിലയില്‍ ഒരുപോലെ വാഴ്ത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ഭരണനേട്ടങ്ങള്‍ ഇന്ദിരാ ഗാന്ധിയുടേതായിട്ടുണ്ടെങ്കിലും അടിയന്തരാവസ്ഥ പോലെ ഏറെ വിമര്‍ശിക്കപ്പെട്ട ഭരണനടപടികളും ഇന്ദിരാഗാന്ധിയില്‍ നിന്നുമുണ്ടായി.
1984 ഒക്ടോബര്‍ 31. സമയം രാവിലെ 9.29. 67 വര്‍ഷത്തെ ഇന്ദിരാഗാന്ധിയുടെ ജീവിതം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ അവസാനിച്ചു. ഒരുപിടി വെടിയുണ്ടകള്‍ കൊണ്ട് ആ ജീവിതം അവസാനിപ്പിച്ചതാകട്ടെ ഒന്‍പത് വര്‍ഷത്തോളം ഇന്ദിരയുടെ സുരക്ഷാസേനയിലെ വിശ്വസ്തരായി സേവനമനുഷ്ഠിച്ച സബ് ഇന്‍സ്‌പെക്ടര്‍ ബിയാന്ദ് സിംഗും കോണ്‍സ്റ്റബിളായ സത്വവന്ത് സിംഗും ചേര്‍ന്ന്. അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാളക്കാരെ അയച്ച് ഇന്ദിരാ ഗാന്ധി നടത്തിയ ഓപറേഷന്‍ ബ്ലൂസ്റ്റാറിനുള്ള പ്രതികാരമായിരുന്നു അത്.
ഇന്ദിരാഗാന്ധിയെ പോലെ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുപോലെ ആരാധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത പ്രധാനമന്ത്രിമാര്‍ ചുരുക്കമായിരിക്കും. ബാങ്ക് ദേശസാത്ക്കരണത്തിലൂടെയും മതനിരപേക്ഷ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി എടുത്ത ഉറച്ച നിലപാടുകളിലൂടെയും ഭരണാധികാരി എന്ന നിലയിലുള്ള കരുത്തുകാട്ടി ഇന്ദിര. സൈലന്റ് വാലിയെ സംരക്ഷിക്കുന്നതിനായി ഇന്ദിരയെടുത്ത നിലപാട് എക്കാലവും മലയാളികള്‍ ഓര്‍ത്തിരിക്കും. എന്നാല്‍ അതേ ഇന്ദിര തന്നെയാണ് 1959ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനുമേല്‍ സമ്മര്‍ദം ചെലുത്തിയത്.
Read Also : അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് രാഹുൽ ഗാന്ധി
ഇന്ത്യന്‍ ജനാധിപത്യത്തെ കുഴിച്ചുമൂടിയ അടിയന്തരാവസ്ഥയുടെ കറ ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തില്‍ വീഴ്ത്തിയ കരിനിഴല്‍ ഏറെ വലുതായിരുന്നു. ജീവിതത്തിന്റെ നല്ല വശങ്ങളെല്ലാം ഈ നിഴലിന്റെ മറയിലായി. ദജിവിതത്തില്‍ നിന്നും മടങ്ങി 37 വര്‍ഷമായിട്ടും ഇന്നും ഇന്ദിരയെ വാഴ്ത്തുന്നവരും വിമര്‍ശിക്കുന്നവരും ഒരുപോലെയുണ്ടെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തെ അവര്‍ എത്രമാത്രം സ്വാധീനിച്ചുവെന്നതിന്റെ തെളിവാണ്.
Story Highlights : indira gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here