മമത ബാനർജിയും ആര്യൻ ഖാനും തമ്മിൽ എന്ത് ബന്ധം?

ബൽറാം നെടുങ്ങാടി / റിപ്പോർട്ടേഴ്‌സ് ഡയറി
ബംഗാളിന്റെ മുഖ്യമന്ത്രി മമത ബാനർജിയും, ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാനും തമ്മിൽ എന്ത് ബന്ധം? 28 ദിവസങ്ങൾക്ക് ശേഷം ആര്യൻ മന്നത്തിൽ മടങ്ങിയെത്തുമ്പോൾ, തൊട്ടടുത്ത് ഗോവയിലുണ്ടായിരുന്നു ദീദി…
ഭബാനിപൂരിലെ വോട്ടെണ്ണിയ ഒക്ടോബർ 3, തന്റെ ദിവസം മാത്രമാക്കാൻ ഇരുന്നതാണ് മമത. എന്നാൽ ദേശീയ മാധ്യമങ്ങളിൽ അന്ന് നിറഞ്ഞു നിന്നത് രണ്ട് വിരലുകൾ ഉയർത്തി അഭിമാനത്തോടെ നിൽക്കുന്ന മമതയല്ല, കുനിഞ്ഞ ശിരസും ചുവന്നു കലങ്ങിയ കണ്ണുകളുമായി മുംബൈ എൻസിബി ഓഫിസിൽ ഇരുന്ന ആര്യൻ ഖാന്റെ വ്യക്തത കുറഞ്ഞ ചിത്രമാണ്.
ഇതിനൊക്കെ അപ്പുറം ദീദിക്ക് ആര്യനെ അറിയാം, പശ്ചിമ ബംഗാളിന്റെ ബ്രാൻഡ് അംബാസിഡർ, കിങ് ഖാൻ ഷാരൂഖിന്റെ മകനാണ് ആര്യൻ! അത്ര രഹസ്യമല്ല ഷാരൂഖും മമതയുമായുള്ള സൗഹൃദം. എന്നാൽ ഒരക്ഷരം മിണ്ടിയിട്ടില്ല ദീദി ഇന്നുവരെ. ആര്യന്റെ അറസ്റ്റിൽ.
പറയാനെങ്കിൽ ഏറെയുണ്ട് ദീദിക്ക് ആര്യന്റെ കാര്യത്തിൽ. തന്റെ ജയത്തിന്റെ തിളക്കം കളയാൻ ഗൂഡലോചനയെന്ന് ആരോപിക്കാം. വഴങ്ങാത്ത നിലപാടുള്ള ഷാരൂഖിനെയും, ന്യൂനപക്ഷത്തെയും, ബോളിവുഡിനെയും ആക്രമിക്കലെന്ന് അപലപിക്കാം. കേന്ദ്ര ഏജൻസികളുടെ മറ്റൊരു രാഷ്ട്രീയ ദുരുപയോഗമെന്ന് കുറ്റപ്പെടുത്താം. ഇതിനുമപ്പുറം ആരോപണങ്ങളുടെ ആയുധപുര തന്നെ തുറന്നു വച്ചിട്ടുണ്ട് എൻസിപി നേതാവ് നവാബ് മാലിക് എൻസിബിക്കും, ബിജെപിക്കുമെതിരെ. എന്നിട്ടും തൊട്ടടുത്ത് എത്തിയിട്ടും ഒരക്ഷരം മിണ്ടിയില്ല ദീദി.
Read Also : ആര്യന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ജൂഹി ചൗള
ശൂന്യതയിൽ നിന്നുപോലും ആയുധങ്ങൾ കണ്ടെത്തിയതാണ് ചരിത്രം. എന്നാൽ ദീദിക്ക് ഇക്കാര്യത്തിൽ മൗനമാണ് ഭാവം. വേട്ടയാടപ്പെട്ട ദിവസങ്ങളിൽ ഷാരൂഖിനെ വിളിച്ചു വ്യക്തിപരമായി പിന്തുണ അറിയിച്ചിട്ടുണ്ടാകും ദീദി എന്ന് വിശ്വസിക്കുന്നു അടുപ്പമുള്ളവർ,എന്നാൽ പുറത്തറിയിക്കാൻ ആഗ്രഹിക്കുന്നില്ല ആ പിന്തുണ.
ഇനി ചെറിയ കളികൾക്കില്ല ദീദി, ചെറിയ സംസ്ഥാനങ്ങൾ താണ്ടി എത്താനുണ്ട് വലിയ ലക്ഷ്യങ്ങളിലേക്ക്..അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല ഭവാനിപൂരിൽ. മമതക്ക് മേൽവിലാസം നൽകിയ മണ്ഡലം ഒരിക്കൽ കൂടി ദീദിയുടെ വിശ്വാസം കാത്തു. ഇനി ലക്ഷ്യം 2024. മോദിക്ക് ബദൽ മമത എന്നാണ് തൃണമൂൽ ആപ്തവാക്യം.
ഇന്ത്യയെന്ന മഹാരാജ്യത്തിൽ ഇന്ന് മമത കാണുന്നുണ്ട് പഴയ ബംഗാൾ. ശോഷിച്ച പ്രതിപക്ഷം , തുറന്നു കിടക്കുന്ന അവസരങ്ങൾ. ബംഗാൾ വിജയത്തിനു പിന്നാലെ തൃണമൂലിനു ദേശീയ തലത്തിൽ പടരാൻ മണ്ണൊരുക്കിയിട്ടുണ്ട്, പ്രശാന്ത് കിഷോർ. മോദിയോടും ഷായോടും ഒറ്റയ്ക്ക് പടജയിച്ച മമതക്ക് ഇന്ന് ഏറെയുണ്ട് സ്വീകാര്യത. പകച്ചു നിൽക്കുന്ന പ്രതിപക്ഷത്തെ പ്രാദേശിക പാർട്ടികൾക്ക് മുന്നിൽ.
എന്നും എവിടെയും കോൺഗ്രസ്സിന്റ കിതപ്പ് തൃണാമൂലിന് വളമാണ്. ബംഗാളിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുകയാണ് പ്രശാന്ത് കിഷോർ ഉപദേശിച്ച ആദ്യ പടി. ചെറിയ സംസ്ഥാനങ്ങളാണ് അതിനുത്തമമെന്ന് കണ്ടു വച്ചിട്ടുണ്ട് ദീദി.
വങ്കനാടിന് ശേഷം മമതയുടെ ആദ്യ ലക്ഷ്യമാണ് ഗോവ. രാജ്യം മൂക്കത്ത് വിരൽ വച്ചുപോയ കുതികാൽ രാഷ്ട്രീയത്തിന്റെ കളരി. മണ്ണറിഞ്ഞു തന്നെ ഇറങ്ങിയതാണ് തൃണമൂൽ. മറുകണ്ടവും, തിരികണ്ടവും ചാടിക്കാൻ തന്നോളമാവില്ല മറ്റാർക്കുമെന്ന് തെളിയിച്ചുകൊണ്ടേ ഇരിക്കുകയാണ് മമത ബംഗാളിൽ ഓരോ ദിവസവും.
ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോയിലൂടെ രാഷ്ട്രീയ അടിത്തറയിട്ട മമത, നഫീസ അലിയെയും, ലിയാണ്ടർ പേസിനെയും പാർട്ടിയിലെത്തിച്ചു താരത്തിളക്കവും ഒപ്പിച്ചു. ഇനി വേണ്ടത് കരുത്തുള്ള പ്രാദേശിക പാർട്ടികളുടെ സഖ്യമാണ്, അതിനുള്ള ചർച്ചകൾ പാതി വഴിയിലാണ്..മത്സരം ചതുഷ്‌കോണമായാൽ ഗോവയിൽ അസാധ്യമാകും പ്രവചനങ്ങൾ.
ബിജെപി കൈപ്പിടിയിലാക്കിയ വടക്ക് കിഴക്ക്, തൃണമൂലിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പടിവാതിലാണ്. ത്രിപുരയിൽ തകർന്നു പോയ പാർട്ടി സടകുടഞ്ഞുണരുകയാണ്. അനന്തരവൻ അഭിഷേക് ബാനർജിക്കാണ് ദൗത്യത്തിന്റെ ചുമതല.
അസമിൽ തന്റെ കൊടി ഏൽപ്പിക്കാൻ മമത കണ്ടെത്തിയത് മഹിളാ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സുസ്മിത ദേവിനെയാണ്. അസാമിലും ബംഗാളിലും, ത്രിപുരയിലും മാത്രമല്ല, രാജ്യം മുഴുവൻ സുപരിചിതയാണ് സുസ്മിതയെന്ന് മമതക്കറിയാം.
മേഘാലയയിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയെയും 13 കോണ്ഗ്രസ് എംഎൽഎമാരെയും പാട്ടിലാക്കാൻ ഊർജിതമാണ് നീക്കങ്ങൾ. ശ്രമം ഫലം കണ്ടാൽ തെരഞ്ഞെടുപ്പ് കാണാതെ മേഘാലയയിൽ പ്രതിപക്ഷമാകും തൃണമൂൽ കൊൺഗ്രസ്.
പടയൊരുക്കുകയാണ് ദീദി ഡൽഹിയിലേക്ക്, അപ്പോൾ വലിയ വിഷയമല്ല ആര്യൻ.
Story Highlights : mamata banerjee and aryan khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here