Advertisement

എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

November 1, 2021
2 minutes Read
p valsala

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പി വത്സലയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവല്‍-ചെറുകഥാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരമാണ് പി വത്സലയ്ക്ക് സമ്മാനിക്കുന്നതെന്ന് പുരസ്‌കാര നിര്‍ണയ കമ്മിറ്റി വ്യക്തമാക്കി.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനും ഡോ. ബി. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.

ഓരങ്ങളിലേക്ക് വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തില്‍ ആവാഹിച്ച എഴുത്തുകാരിയാണ് പി. വത്സലയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയപാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌കരിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. മലയാളഭാഷയില്‍ അതുവരെ അപരിചിതമായ ഒരു ഭൂമികയെ അനായാസമായി പി. വത്സല നമുക്ക് മുന്നില്‍ അവതരിപ്പിച്ചു.

കേരളത്തിന്റെ ഹരിതകവചത്തിന് മുറിവേല്ക്കുമ്പോഴും, സമഗ്രാധിപത്യത്തിന്റെ കാലൊച്ചകള്‍ അടുത്തുവരുമ്പോഴും സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോഴും പി. വത്സല ഒരു പോരാളിയെപ്പോലെ പ്രതികരിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും ദളിതുകളുടെയും ആദിവാസികളുടെയും ദൈന്യജീവിതത്തെ സൂക്ഷ്മതയോടെ പകര്‍ത്തിയ വത്സല ടീച്ചര്‍ മലയാളഭാഷയില്‍ പുതിയ ഭാവനയെയും ഭാവുകത്വത്തെയും തോറ്റിയുണര്‍ത്തി.

Read Also : ഇന്ന് കേരള പിറവി; ഐക്യകേരളത്തിന് 65 വയസ്

പരിവര്‍ത്തനത്തിലേക്ക് കുതിക്കുന്ന കേരളസമൂഹത്തിന്റെ ആത്മഭാവപ്പകര്‍ച്ചകള്‍ സമഗ്രതയോടെ ചിത്രീകരിച്ച പി. വത്സല ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തുനില്‍ക്കുന്ന എഴുത്തുകാരിയാണ്. നോവല്‍രംഗത്തും ചെറുകഥാരംഗത്തും നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ പരമോന്നത സാഹിത്യബഹുമതി പി. വത്സലയ്ക്ക് സമ്മാനിക്കുന്നത്’.മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Story Highlights : p valsala, ezhuthachan award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top