Advertisement

പാചക വാതക വില വർധന: കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി; ഇന്ധന വിലയിൽ സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ്

November 2, 2021
1 minute Read

പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിലവർധന പിൻവലിക്കണമെന്നും സബ്‌സിഡി പുനരാരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതേസമയം ഇന്ധന വിലയിൽ സബ്‌സിഡി നൽകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ 5 വർഷം കൊണ്ട് 2900 കോടി രൂപ അധിക നികുതി വരുമാനമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇന്ധന വില കൂടുമ്പോഴുള്ള അധിക വരുമാനം സബ്‌സിഡിയായി നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം ഇന്ധന വില വർധനയ്ക്ക് എതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലിന്റെ നോട്ടീസിന് നൽകിയ മറുപടിയിൽ കോൺഗ്രസിന്റെ യുപിഎ സർക്കാരിനെ പഴിചാരി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത് വന്നതോടെ ശക്തമായ വാദപ്രതിവാദമാണ് നിയമസഭയ്ക്ക് അകത്ത് നടന്നത്.

ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബാലഗോപാൽ പ്രതികരിച്ചത്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ 130 കടന്നു. ഇന്ധന വില നിർണ്ണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സർക്കാരാണ്. കേരളത്തിൽ അഞ്ച് വർഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.

Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം

നരേന്ദ്ര മോദി കക്കാൻ ഇറങ്ങുമ്പോൾ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ജനരോഷത്തിൽ നിന്ന് സംഘപരിവാറിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. ഇപ്പോൾ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില.ഇതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തേണ്ട. ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏൽപ്പിച്ചത് രാജസ്ഥാനിൽ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല.

ഉമ്മൻ ചാണ്ടി ഭരിച്ചിരുന്നപ്പോൾ 600 കോടിയുടെ അധിക നികുതി വേണ്ടെന്നുവെച്ചു. നികുതി ഭീകരതയാണ് നടക്കുന്നത്. നികുതി തിരുമാനിക്കുന്നത് കമ്പനികളല്ല, സർക്കാരാണ്. വില നിർണ്ണയാധികാരം കൈമാറിയെന്നത് കോൺഗ്രസിനെതിരായ വ്യാജ പ്രചരണമാണ്. യുപിഎ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി സർക്കാർ ഈടാക്കുന്നത് 32.98 രൂപയാണ്. സംസ്ഥാനം നികുതി കുറക്കണം. നികുതി കൊള്ള അംഗീകരിക്കാനാവില്ലെന്നും ഷാഫി വ്യക്തമാക്കി.

Story Highlights : pinarayivijayan-sent-letter-to pm-against- hike-in oil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top