ടി20 വേൾഡ് കപ്പ്; ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും; പാകിസ്താന്റെ എതിരാളി നമീബിയ

ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും. രണ്ടാം മത്സരത്തിൽ പാകിസ്താൻ നമീബിയയുമായി ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം.
ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്‌ക്കുമെതിരെ നേടിയ ജയം ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എന്നാൽ ടൂർണമെന്റിൽ ഒരു ജയം പോലും അവകാശപ്പെടാൻ ഇല്ലാത്ത ബംഗ്ലാദേശ് പുറത്തേക്കുള്ള യാത്രയിലാണ്. അഭിമാന പോരാട്ടമാണ് ബംഗ്ലാദേശിന്. മാനം കാക്കാൻ ഒരു ജയം എങ്കിലും വേണം. ഷാക്കിബ് അൽ ഹസൻ ഇല്ലാതെയാണ് ബംഗ്ലാദേശ് ലോകകപ്പിന്റെ ബാക്കി മത്സരങ്ങൾ കളിക്കേണ്ടത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അദ്ദേഹത്തിന് പരുക്ക് പറ്റിയിരുന്നു.
വേൾഡ് കപ്പിൽ സ്വപ്ന ഫോമിൽ തുടരുന്ന പാകിസ്താന് നമീബിയയാണ് എതിരാളികൾ.
നമീബിയയ്‌ക്കെതിരെ പാകിസ്താൻ ടി20 ഇന്റർനാഷണൽ കളിച്ചിട്ടില്ല. കരുത്തരെ വീഴ്ത്തി ടൂർണമെന്റിൽ ഒന്നാം സ്‌ഥാനത്ത് തുടരുന്ന പാകിസ്താനെ പരാജയപ്പെടുത്താൻ നമീബിയ നന്നേ പണിപ്പെടും. അതേസമയം നാലാം മത്സരവും ജയിച്ചു സെമിഫൈനലിൽ കേറുക എന്നതാണ് പാക് ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here