രാഹുലും രോഹിതും തുടങ്ങി; പന്തും ഹർദ്ദിക്കും അവസാനിപ്പിച്ചു; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ ലോകേഷ് രാഹുലും രോഹിത് ശർമ്മയും ഫിഫ്റ്റിയടിച്ചു. 74 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ് ഇത്.
തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ഇന്ത്യക്ക് നൽകിയത്. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസിറ്റീവ് സമീപനത്തോടെ ഓപ്പണർമാർ ബാറ്റ് ചെയ്തപ്പോൾ സ്കോർ കുതിച്ചു. പവർപ്ലേയിൽ തന്നെ 53 റൺസാണ് ഇന്ത്യ സ്കോർ ചെയ്തത്. ഹാമിദ് ഹസൻ മാത്രമേ രക്ഷപ്പെട്ടുള്ളൂ. റാഷിദ് ഖാൻ അടക്കം ബാക്കിയുള്ളവരെല്ലാം തല്ലുകൊണ്ടു.
36 പന്തുകളിൽ രോഹിതും 35 പന്തുകളിൽ രാഹുലും ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ റാഷിദ് ഖാൻ്റെ ഒരു ഓവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾ അടക്കം രോഹിത് ഗിയർ മാറ്റി. എന്നാൽ, 15ആം ഓവറിൽ രോഹിത് പുറത്തായി. 47 പന്തിൽ 8 ബൗണ്ടറിയും 3 സിക്സറും സഹിതം 74 റൺസെടുത്ത രോഹിതിനെ കരീം ജന്നത്തിൻ്റെ പന്തിൽ മുഹമ്മദ് നബി പിടികൂടുകയായിരുന്നു.
മൂന്നാം നമ്പറിൽ കോലിക്ക് പകരമെത്തിയത് ഋഷഭ് പന്ത് ആയിരുന്നു. റാഷിദിൻ്റെ ഒരു ഓവറിൽ രണ്ട് ലെഗ് ബിഫോർ വിക്കറ്റ് അപ്പീലുകൾ അതിജീവിച്ച പന്ത് വൈകാതെ ചില കൂറ്റൻ ഷോട്ടുകൾ കളിച്ചു. ഇതിനിടെ രാഹുലും പുറത്തായി. 48 പന്തിൽ 6 ബൗണ്ടറിയും 2 സിക്സറും സഹിതം 69 റൺസെടുത്ത താരത്തെ ഗുൽബദിൻ നെയ്ബ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. നാലാം നമ്പറിൽ ഹർദ്ദിക് പാണ്ഡ്യ ഇറങ്ങി.
ഇരുവരും അവസാന ഓവറുകളിൽ ചില തകർപ്പൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. 13 പന്തുകളിൽ 4 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 35 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയും 13 പന്തിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 27 റൺസെടുത്ത ഋഷഭ് പന്തും പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 63 റൺസാണ് കൂട്ടിച്ചേർത്തത്.
Story Highlights : india innings afghanistan t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here