കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍; റാഗിംഗ് നടന്നതായി ആരോപണം

തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പസില്‍ ഇന്നലെ രാത്രി റാഗിംഗ് നടന്നതായി എസ്എഫ്‌ഐ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ ജില്ലാ പൊലീസ് മേധാവി നല്‍കും.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മഹേഷിനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മഹേഷിന്റെ സഹപാഠികളും റാഗിംഗ് നടന്ന വിഷയം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മരണകാരണം റാഗിംഗ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മഹേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ റാഗിംഗ് സംബന്ധിച്ച് ആരോപണങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
ഒരാഴ്ച മുന്‍പാണ് ക്യാമ്പസിലേക്ക് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായി മഹേഷ് എത്തിയത്. പഠനം കഴിഞ്ഞിറങ്ങിയ ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോളജിലെത്തിയിരുന്നെന്നും ഇന്നളെ രാത്രി റാഗിംഗ് നടന്നെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് എസ്എഫ്‌ഐ മണ്ണുത്തി പൊലീസില്‍ പരാതി നല്‍കിയത്. റാഗിംഗ് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഹപാഠികളുടെ മൊഴിയും രേഖപ്പെടുത്തി. തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
Story Highlights : student suicide, agriculture university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here