ചക്രസ്തംഭന സമരം; വിട്ടുനിന്ന് വി ഡി സതീശൻ; നേതാക്കൾ എല്ലായിടത്തും പങ്കെടുക്കേണ്ടന്ന് സുധാകരൻ

വര്‍ധിപ്പിച്ച ഇന്ധന നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തില്ല. റോഡുപരോധസമരത്തോടുള്ള തന്റെ വ്യക്തിപരമായ എതിർപ്പ് നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷനേതാവ് ഇന്ന് പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്.
നിയമസഭാ സമ്മേളനം തുടരുന്ന പശ്ചാത്തലത്തിൽ സമര വേദിയിലേക്ക് അദ്ദേഹം എത്തിയില്ല. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയം സഭയിൽ അവതരിപ്പിക്കുകയാണെന്നും സ്ഥലത്ത് കെപിസിസി പ്രസിഡന്റ് ഉണ്ടല്ലോ എന്നുമായിരുന്നു വി ഡി സതീശന്റെ മറുപടി.
അതേസമയം എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുള്ള കെ സുധാകരന്റെ മറുപടി. ചില സാഹചര്യങ്ങൾ മൂലം പങ്കെടുക്കാൻ കഴിയാത്ത നേതാക്കൾ ഉണ്ട്. അങ്ങനെ ഉള്ളവർ വിട്ടുനിൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ പരിപാടിക്ക് കെ മുരളീധരനായിരുന്നു ഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വാഹനവും സമരത്തില്‍ കുടങ്ങിയതോടെ സമയത്ത് എത്താൻ കഴിഞ്ഞല്ല. എന്നാല്‍, താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്‍ത്തിയിട്ടതാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here