ഹാർദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്നസ്; ടീം മാനേജ്മെന്റിനോട് റിപ്പോർട്ട് തേടാനൊരുങ്ങി ബിസിസിഐ

ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ടീം മാനേജ്മെന്റിനോട് റിപ്പോർട്ട് തേടാനൊരുങ്ങി ബിസിസിഐ. വിഷയത്തിൽ സെലക്ഷൻ കമ്മറ്റിയോടും വിശദീകരണം തേടും. ഹാർദ്ദിക് ലോകകപ്പിൽ പന്തെറിയുമെന്നായിരുന്നു സെലക്ഷൻ കമ്മറ്റി അറിയിച്ചിരുന്നത്. എന്നാൽ, ഒരു മത്സരത്തിൽ പോലും താരം പന്തെറിഞ്ഞിരുന്നില്ല. ഇത് എന്തുകൊണ്ടെന്ന ചോദ്യമാണ് ബിസിസിഐ ഉയർത്തുന്നത്. (bcci hardik pandya fitness)
പൂർണ ഫിറ്റ് അല്ലാത്ത ഹാർദ്ദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. താരം പന്തെറിയാത്തതിൽ നേരത്തെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഐപിഎലിൽ ഒരു പന്ത് പോലും എറിയാതിരുന്ന താരത്തെ തിരികെ അയക്കാൻ സെലക്ടർമാർ തീരുമാനിച്ചെങ്കിലും ടീം ഉപദേശകനായ എംഎസ് ധോണി ഹാർദ്ദിക്കിനായി വാദിച്ചെന്നും അങ്ങനെയാണ് താരത്തെ ടീമിൽ നിലനിർത്തിയതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പാകിസ്താൻ നമീബിയ, സ്കോട്ട്‌ലൻഡ് ടീമുകൾക്കെതിരെ പന്തെറിയാതിരുന്ന ഹാർദ്ദിക് ന്യൂസീലൻഡിനും അഫ്ഗാനുമെതിരെ രണ്ട് ഓവറുകൾ വീതം എറിഞ്ഞു. എന്നാൽ, എടുത്തുകാണിക്കത്തക്ക പ്രകടനം നടത്താൻ താരത്തിനു സാധിച്ചിരുന്നില്ല.
Read Also : രോഹിത് ശർമ്മ തന്നെ അടുത്ത ടി-20 ക്യാപ്റ്റനാവുമെന്ന സൂചന നൽകി വിരാട് കോലി
അതേസമയം, തനിക്ക് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവുക രോഹിത് ശർമ്മ തന്നെയെന്ന സൂചനയുമായി വിരാട് കോലി. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിലെ ടോസിനിടെയാണ് കോലി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കോലിക്ക് ശേഷം രോഹിത് തന്നെയാവും ക്യാപ്റ്റനെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഇതിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ കോലിയുടെ വെളിപ്പെടുത്തലോടെ ഇത് ഉറപ്പിക്കാമെന്നാണ് സൂചന.
ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യയുടെ മുതിർന്ന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്. മാസങ്ങളായി ബയോബബിളിൽ കളിക്കുന്ന വിരാട് കോലി, ജസ്പ്രീത് ബുംറ, ലോകേഷ് രാഹുൽ, മുഹമ്മദ് ഷമി, ആർ അശ്വിൻ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർക്കൊക്കെ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. എന്നാൽ, രോഹിത് കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ മുഴുനീള ക്യാപ്റ്റനായുള്ള രോഹിതിൻ്റെ ആദ്യ പരമ്പരയാവും ന്യൂസീലൻഡിനെതിരെ നടക്കുക. വരും ദിവസങ്ങളിൽ തന്നെ കോലിയുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചേക്കും.
Story Highlights : bcci asks hardik pandya fitness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here