ശബ്ദ പരിശോധന സർക്കാർ ഫോറൻസിക് ലാബിൽ തന്നെ; കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി

സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന കെ.സുരേന്ദ്രന്റെ ആവശ്യം തള്ളി. ശബ്ദ പരിശോധന സംസ്ഥാന സർക്കാരിന് കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തും.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംസ്ഥാനത്തെ ലബോറട്ടറികളിൽ വിശ്വാസമില്ലെന്ന് കാട്ടി നൽകിയ ഹരജിയാണ് തള്ളിയത്. നേരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സുരേന്ദ്രന്റെ ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക ഫോൺ രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോഴപ്പണം ചെലവഴിച്ചതിനെക്കുറിച്ച്
കേസിലെ പ്രധാന സാക്ഷിയായ പ്രസീത അഴീക്കോടും സി.കെ.ജാനുവും തമ്മിൽ നടത്തിയ ശബ്ദ സംഭാഷണമാണ് പ്രസീതയുടെ ഫോണിൽനിന്ന് ലഭിച്ചത്.
ബത്തേരിയിലെ എൻഡിഎ സ്ഥാനാർഥിയാകാൻ ജെആർപി നേതാവ് സി.കെ.ജാനുവിന് വിവിധ സ്ഥലങ്ങളിൽവെച്ച് മുപ്പത്തിയഞ്ച് ലക്ഷം രൂപ കെ.സുരേന്ദ്രൻ കോഴ നൽകിയെന്നാണ് കേസ്. ഇതിൽ പത്ത് ലക്ഷം രൂപ ചിലവഴിച്ചതുമായി ബന്ധപ്പെട്ട ഫോൺ രേഖയാണ് ക്രൈംബ്രാഞ്ചിന് കിട്ടിയത്.
കൽപറ്റയിലെ മുൻ എംഎൽഎ സി.കെ.ശശീന്ദ്രനിൽ നിന്ന് വായ്പ വാങ്ങിയ പണം തിരികെ നൽകിയെന്നും പണയപ്പെടുത്തിയ ആഭരണങ്ങൾ തിരികെയെടുത്തെന്നുമാണ് ഫോൺ സംഭാഷണത്തിൽ സി.കെ.ജാനു പ്രസീത അഴീക്കോടിനോട് പറയുന്നത്. വായ്പ നൽകിയ പണം തിരികെ ലഭിച്ചിരുന്നുവെന്ന് സി.കെ.ശശീന്ദ്രനും സമ്മതിച്ചിരുന്നു. ഫോൺ സംഭാഷണം സ്ഥിരീകരിക്കാൻ അന്വേഷണസംഘം പ്രതികളുടെയും സാക്ഷികളുടെയും ശബ്ദപരിശോധനയും നടത്തിയിട്ടുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെ കെ.സുരേന്ദ്രനെയും സി.കെ.ജാനുവിനെയും ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
Story Highlights : k surendran petition dismissed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here