മുഖ്യമന്ത്രി പരാതി തഴയുമെന്ന് കരുതുന്നില്ല, പ്രതികരിക്കാൻ തയാറാകണം : അനുപമ

മുഖ്യമന്ത്രി തന്റെ പരാതി തഴയുമെന്ന് കരുതുന്നില്ലെന്ന് അനുപമ. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപിച്ചതാകാം എന്ന് അനുപമ പറയുന്നു. വിഷയത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ഉൾപ്പെടെ പങ്കുണ്ടെന്ന് അനുപമ ആരോപിക്കുന്നു. ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറാകണമെന്നും അനുപമ പറയുന്നു. ( cm should break silence says anupama )
കോടിയേരി ബാലകൃഷ്ണനും, എ വിജയരാഘവനും കാര്യങ്ങൾ നേരത്തെ അറിയാമെന്ന് അനുപമ പറയുന്നു. ഇരുവരോടും പി കെ ശ്രീമതി സംസാരിച്ചിരുന്നു. സമരം നടത്തുമ്പോഴും സ്ത്രീ എന്ന പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നും മഴയത്ത് ഷെഡ് കെട്ടാൻ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും അനുപമ പറയുന്നു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ നേരത്തെ അറിഞ്ഞിരുന്നുുവെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറയുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. നമുക്കതിൽ റോൾ ഇല്ലെന്നും അനുപമയും അച്ഛനും അമ്മയുമായുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായി പി.കെ ശ്രീമതി ഫോൺ സംഭാഷണത്തിൽ പറയുന്നു. അനുപമയും പി കെ ശ്രീമതിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
താൻ വിഷയം എല്ലാവരോടും സംസാരിച്ചതാണെന്ന് പി.കെ ശ്രീമതി അനുപമയോട് ഫോണിൽ പറയുന്നു. ഇനി തനിക്കൊന്നും ചെയ്യാനാകില്ലെന്നും താൻ നിസഹായയാണെന്നും പി.കെ ശ്രീമതി വ്യക്തമാക്കി.
Read Also : ദത്ത് വിവാദം; അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ സമരം ആരംഭിച്ചു
അതേസമയം, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെയും സമരം ശക്തമായി തുടരും എന്ന് അനുപമ പറഞ്ഞു. ആരോപണവിധേയരെ അന്വേഷണ ഉദ്യോഗസ്ഥർ സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചു.
ശിശുക്ഷേമ സമിതിക്ക് മുൻപിലെ അനുപമയുടെ സമരം തുടരുകയാണ്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ. എസ് ഷിജു ഖാനെയും സി ഡബ്ല്യു സി ചേർപേഴ്‌സൺ എൻ സുനന്ദയേയും സംരക്ഷിക്കുകയാണെന്നും അനുപമ ആരോപിച്ചു. ആരോപണ വിധേയരെ സംരക്ഷിക്കുന്നത് സംഭവത്തിലെ കൂടുതൽ ആളുകളുടെ പങ്ക് പുറത്തു വരാതിരിക്കുന്നതിന് ആണെന്നും അനുപമ പറഞ്ഞു.
കേസ് ഒത്തുതീർപ്പ് ആക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും അനുപമ പ്രതികരിച്ചു. ആവശ്യങ്ങൾ ഇനിയും അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് അനുപമയുടെ തീരുമാനം.
Story Highlights : cm should break silence says anupama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here