Advertisement

യേശുദാസിന്റെ സംഗീത യാത്രയ്ക്ക് ഇന്ന് 60 വയസ്; പ്രണാമമർപ്പിച്ച് മോഹൻലാൽ

November 14, 2021
3 minutes Read

ഗാനഗന്ധർവൻ കെ. ജെ. യേശുദാസിന്റെ സംഗീതയാത്രയ്ക്ക് ഇന്ന് 60 വയസ്സ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി, അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 50,000-ലധികം ഗാനങ്ങൾ യേശുദാസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. പത്മശ്രീ (1975), പത്മഭൂഷൺ (2002), പത്മവിഭൂഷൺ (2017) കൂടാതെ മികച്ച പിന്നണി ഗായകനുള്ള എട്ട് ദേശീയ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട ദാസേട്ടന്റെ സംഗീതയാത്രയ്ക്ക് 60 വയസ് തികയുന്ന വേളയിൽ പ്രണാമമർപ്പിക്കുകയാണ് നടൻ മോഹൻലാൽ. 1980-1990 കാലഘട്ടങ്ങളിൽ നടൻ എന്ന നിലയിൽ സിനിമയിൽ ചുവടുറപ്പിക്കുന്ന നാളുകളിൽ യേശുദാസ് എന്ന ഗായകന്റെ സാന്നിധ്യം ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ ഓർക്കുന്നു.

മദ്രാസിലെ ഭരണി സ്റ്റുഡിയോയിൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായി ആദ്യ ഗാനം റെക്കോർഡ് ചെയ്തത് മുതലുള്ള നാളുകൾ ഓർത്തെടുക്കുകയാണ് മോഹൻലാൽ. ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനമായിരുന്നു അത്. സിനിമയിലെത്തും മുൻപേ ദാസേട്ടന്റെ ആരാധകനായിരുന്നു. തന്റെ മുഖം ആദ്യമായി സെല്ലുലോയിഡിൽ പതിഞ്ഞ ‘തിരനോട്ടം’ എന്ന സിനിമയിൽ ദാസേട്ടൻ പാടിയതിൽ തനിക്കു അഭിമാനിക്കാം എന്ന് മോഹൻലാൽ പറയുന്നു. ഒ.എൻ.വിയുടെ വരികൾക്ക് എം.ജി രാധാകൃഷ്ണൻ ഈണം പകർന്ന ഗാനം പാടിയാണ് മോഹൻലാൽ ആ ഓർമ്മ പുതുക്കിയത്.

നടൻ എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സിനിമയിലെ ഏറ്റവും ഇഷ്‌ടപ്പെട്ട ഗാനം പാടിയതും പ്രിയപ്പെട്ട ദാസേട്ടനാണെന്ന് മോഹൻലാൽ ഓർക്കുന്നു. ഒപ്പം മിഴിയോരം നനഞ്ഞൊഴുകും… എന്ന വരികൾ മോഹൻലാൽ പാടി.

‘തേനും വയമ്പും’ എന്ന സിനിമയിൽ മോഹൻലാൽ സ്‌ക്രീനിൽ പാടിയഭിനയിച്ച ഗാനം പാടിയത് ഉണ്ണി മേനോൻ ആയിരുന്നു. ആ സിനിമയിൽ മനോഹരമായ മറ്റു ഗാനങ്ങളുമുണ്ടായി. ആരെയും ഭാവഗായകനാക്കും… എന്ന ഗാനം യേശുദാസിന്റേതായിരുന്നു.

അതേസമയം ഗന്ധർവ സംഗീതം മോഹൻലാലിന്റേതായി സിനിമയിലൂടെ പുറത്തുവന്നത് ശ്രീകുമാരൻ തമ്പി നിർമ്മിച്ച്‌, സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ ‘എനിക്കും ഒരു ദിവസം’ എന്ന ചിത്രത്തിലെ ‘റൂഹിന്റെ കാര്യം…’ എന്ന ഗാനത്തിലൂടെയാണ്. ശ്രീകുമാരൻ തമ്പി രചിച്ച്, ശ്യാം ഈണമിട്ട ഈ ഗാനമായിരുന്നു വെള്ളിത്തിരയിലെ യേശുദാസ്- മോഹൻലാൽ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീടങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളിൽ ശബ്ദവും രൂപവുമായി അവരെ പ്രേക്ഷകർ സ്വീകരിച്ചു.

Stroy Highlights: Mohanlal pays tribute to KJ Yesudas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top