വിവിധ ഫോർമാറ്റുകൾക്ക് വിവിധ ടീം എന്ന ആശയം സ്വീകരിക്കില്ലെന്ന് ദ്രാവിഡ്

വിവിധ ഫോർമാറ്റുകൾക്ക് വിവിധ ടീം എന്ന ആശയം സ്വീകരിക്കില്ലെന്ന് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. അത്തരം ഒരു നിലയിൽ നമ്മൾ എത്തിയിട്ടില്ലെന്നും താരങ്ങൾ മാനസികമായും ശാരീരികമായും ഫ്രഷ് ആയിരിക്കാൻ ഉറപ്പുവരുത്തുമെന്നും ദ്രാവിഡ് പറഞ്ഞു. ന്യൂസീലൻഡിനെതിരായ ആദ്യ ടി-20 മത്സരത്തിനു മുന്നോടിയായി ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ദ്രാവിഡ് ഇക്കാര്യം അറിയിച്ചത്. (India separate teams Dravid)
“വിവിധ ഫോർമാറ്റുകൾക്ക് വിവിധ ടീം. നമ്മൾ ആ നിലയിൽ എത്തിയിട്ടില്ല. തീർച്ചയായും ചില താരങ്ങൾ ഒരു പ്രത്യേക ഫോർമാറ്റ് മാത്രമേ കളിക്കാറുള്ളൂ. താരങ്ങളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. താരങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം ഉറപ്പുവരുത്തുക എന്നത് പ്രധാനമാണ്. ഞാൻ അവരുമായി നിരന്തരം ആശയവിനിമയം നടത്തും. എവിടെ കളിച്ചാലും അവിടെ അവർ ഫ്രഷ് ആയിരിക്കുമെന്ന് ഉറപ്പുവരുത്തും.”- ദ്രാവിഡ് പറഞ്ഞു.
Read Also : ടീമിൽ കോലിയുടെ റോളിനു മാറ്റമില്ല: രോഹിത് ശർമ്മ
“ജോലിഭാരം കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ അത്യാവശ്യമാണ്. നമ്മൾ അത് ഫുട്ബോളിലും കാണുന്നുണ്ട്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി. വലിയ ടൂർണമെൻ്റുകളിൽ താരങ്ങൾ ഫിറ്റ് ആയിരിക്കുന്ന നില ഉണ്ടാവണം. ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളും ഫ്രഷ് ആയിരിക്കണം. അത് വളരെ ലളിതമാണ്. കളിക്കുന്ന എല്ലാ പരമ്പരയും നിരീക്ഷിക്കേണ്ടതുണ്ട്.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. നാളെ രാത്രി ഏഴ് മണിക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.
രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.
Stroy Highlights: India separate teams format Rahul Dravid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here