സിബിഎസ്ഇ, 10,12 പരീക്ഷകള്‍ ഹൈബ്രിഡ് ആയി നടത്തണമെന്ന ഹര്‍ജി തള്ളി; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

സിബിഎസ്ഇ, 10, പ്ലസ്ടു പരീക്ഷകള്‍ ഹൈബ്രിഡ് ആയി നടത്തണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷകള്‍ ആരംഭിച്ചതിനാല്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാകണം പരീക്ഷകള്‍ നടത്തേണ്ടത്. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ പരീക്ഷ നടത്തുന്ന അധികൃതര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സിബിഎസ്ഇ, 10, 12 ഒന്നാംടേം പരീക്ഷകള്‍ ഹൈബ്രിഡ് രീതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് ആറുവിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതികളില്‍ ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ശക്തമായ പരാമര്‍ശങ്ങളാണ് സുപ്രിംകോടതി നടത്തിയത്. പരീക്ഷാ നടത്തിപ്പുകാരെ അവരുടെ ചുമതല വഹിക്കാന്‍ അനുവദിക്കണമെന്നും അവസാന നിമിഷം ഇടപെട്ട് തടസങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതി വ്യക്തമാക്കി.
Read Also : സിബിഎസ്ഇ പ്ലസ് ടു മൂല്യനിര്‍ണയം; രക്ഷിതാക്കള്‍ സുപ്രിംകോടതിയില്‍
ഒരേ പരീക്ഷകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നടത്തുന്ന രീതിയാണ് ഹൈബ്രിഡ് മെത്തേഡ്. ഒന്നാം ടേം പരീക്ഷ ഓഫ്‌ലൈനായി മാത്രം നടത്തുമെന്നായിരുന്നു സിബിഎസ്ഇയുടെ ആദ്യ തീരുമാനം. ഹൈബ്രിഡ് മെത്തേഡില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുമെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ ആവശ്യമെന്നും വിദ്യാര്‍ത്ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Story Highlights: cbse exams hybrid method, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here