ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു

ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. അഞ്ച് ഷട്ടറുകളിലെ മൂന്നാം ഷട്ടറാണ് തുറന്നിരിക്കുന്നത്. ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് ചെറുതോണി തുറന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. വേണ്ടി വന്നാൽ കൂടുതൽ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റൂൾ കർവിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ്‌നാട് റൂൾ കർവ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് നാല് ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 കൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടർ തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്.
Story Highlights: idukki cheruthoni dam shutter open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here