‘റിയൽ ടെസ്റ്റ്’ ഇന്ന് മുതൽ; ന്യൂസീലൻഡിനെതിരെ കോലിയും രോഹിതുമില്ലാതെ ഇന്ത്യ ഇറങ്ങുന്നു

ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം ആരംഭിക്കുക. ക്യാപ്റ്റൻ വിരാട് കോലിയും ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബുംറ, ഷമി, പന്ത് എന്നിവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുൽ പരുക്കേറ്റ് പുറത്താവുകയും ചെയ്തു.
രാഹുലിനെ ബാറ്റിംഗ് ഓപ്പൺ ചെയ്യാനയച്ച് ഗില്ലിനെ മധ്യനിരയിൽ പരീക്ഷിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ, രാഹുൽ പരുക്കേറ്റ് പുറത്തായതോടെ ഗിൽ വീണ്ടും ഓപ്പണിംഗിൽ മടങ്ങി എത്തിയേക്കും. മായങ്ക് അഗർവാളിനൊപ്പം യുവതാരം ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിക്കും. ഈ മത്സരത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്ന ശ്രേയാസ് അയ്യർ നാലോ അഞ്ചോ നമ്പറിൽ കളിക്കും. ഇന്ത്യയുടെ പ്രധാന പേസർമാരുടെ അഭാവത്തിൽ ഇഷാന്ത് ശർമ്മയ്ക്ക് ടീമിൽ സ്ഥാനം ഉറപ്പാണ്. ഇഷാന്തിനൊപ്പം മുഹമ്മദ് സിറാജോ ഉമേഷ് യാദവോ കളിക്കും. ഇന്ത്യയിൽ നടക്കുന്ന കളി ആയതിനാൽ അശ്വിനും ജഡേജയ്ക്കും ഇടം ലഭിക്കും. അക്സർ പട്ടേലും കളിച്ചേക്കാം.
ഡെവോൺ കോൺവേ പരുക്കേറ്റ് പുറത്തായതിനാൽ ടോം ലാതമിനൊപ്പം വിൽ യങ് ഓപ്പൺ ചെയ്യും. വില്ല്യംസൺ, ടെയ്ലർ എന്നിവർക്കൊപ്പം ഹെൻറി നിക്കോൾസും ടോം ബ്ലണ്ടലുമാവും മധ്യനിരയിൽ. സൗത്തിക്കൊപ്പം ജമീസണോ വാഗ്നറോ പേസറായി കളിക്കും. മിച്ചൽ സാൻ്റ്നർ സ്പിൻ ഓൾറൗണ്ടർ ആവുമ്പോൾ അജാസ് പട്ടേൽ, വിൽ സോമർവിൽ എന്നിവർ സ്പിൻ ഡിപ്പാർട്ടിൽ കളിക്കും. ഇവരിൽ ഒരാൾക്ക് പകരം ഒരു പേസറെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
Story Highlights : india newzealand test series starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here