അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അഗളി പഞ്ചായത്തിലെ കതിരമ്പതിയൂരിലെ രമ്യ-അയ്യപ്പൻ ദമ്പതിമാരുടെ 10 മാസം പ്രായമായ അസന്യ എന്ന പെൺകുഞ്ഞാണ് മരിച്ചത്. അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയിലായിരുന്നു മരണം. ഇന്ന് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ശിശുമരണമാണ് ഇത്.
കുട്ടി ഹൃദ്രോഗിയായിരുന്നു. ഇതിനുള്ള ചികിത്സ കഴിഞ്ഞ കുറച്ച് കാലങ്ങളായി നൽകിവരികയായിരുന്നു.
മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടർന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി.
ഇന്ന് മരിച്ച ആൺകുഞ്ഞിന് ന്യുമോണിയയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നാണ് മരണമെന്നാണ് പറയുന്നത്. അതേസമയം തുടരെയുള്ള ശിശുമരണങ്ങളിൽ വിശദമായ റിപ്പോർട്ട് വേണ്ടിവരും. നാല് ദിവസത്തിനിടെ നാല് കുഞ്ഞുങ്ങൾ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. അഗളി, പുത്തൂർ പഞ്ചായത്തുകളിലാണ് മരണങ്ങളുണ്ടായത്.
അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിൽ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യമന്ത്രി വീണാ ജോർജും റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പട്ടികവർഗ ഡയറക്ടർ പിവി അനുപമയ്ക്കാണ് മന്ത്രി കെ രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കാര്യങ്ങൾ നേരിട്ടറിയുന്നതിനായി മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ 10 മണിക്ക് മന്ത്രിയുടെ സാന്നിധ്യത്തിൽ അഗളിയിൽ യോഗം ചേരും.
Story Highlights : child death again attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here