മോഡലുകളുടെ അപകട മരണം; സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ. നമ്പർ 18 ഹോട്ടലിൽ നിന്നിറങ്ങിയ മോഡലുകളെ പിന്തുടർന്നത് സൈജു തങ്കച്ചനായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ മോഡലുകളെ പിന്തുടർന്നത് എന്നായിരുന്നു സൈജുവിൻ്റെ അവകാശവാദം. എന്നാൽ, ഇത് വിശ്വസിക്കാതെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. (models saiju thankachan arrested)
ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകർക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ സൈജുവിനെ പിന്നീട് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.
Read Also: മോഡലുകളുടെ മരണം; വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈംബ്രാഞ്ച് നോട്ടിസ്
ഇതിനിടെ ഫോർട്ടുകൊച്ചിയിൽ ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ തള്ളിയ ഒരു ഹാർഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു . ദേശീയപാതയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിലെ നിർണായക തെളിവാണ് ഈ ഹാർഡ് ഡിസ്‌ക്. മീൻപിടിക്കാനിട്ട വലയിലാണ് ഹാർഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലിൽ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാർഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലിൽ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചിൽ നടത്തിയിരുന്നു.
നമ്പർ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജൻറെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിൻറെ കുടുംബത്തിൻറെ ആവശ്യം.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.
Story Highlights : models death saiju thankachan arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here