Advertisement

ഒമിക്രോണ്‍ വകഭേദം; നിര്‍ദേശങ്ങള്‍ നല്‍കി ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍

November 27, 2021
6 minutes Read
omicron variant

വിദേശത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.529) സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്രാ സംസ്ഥാനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടോ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ പൊതുഇടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാനാണ് നിര്‍ദേശം. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുചടങ്ങുകളില്‍ ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍, ചീഫ് സെക്രട്ടറി, പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
തിങ്കളാഴ്ച ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധരുമായി ചര്‍ച്ച നടത്തും. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, സിംബാവെ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമുണ്ടാകും.

കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യവകുപ്പ് അവലോകന യോഗം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Read Also : ഒമൈക്രോൺ; സംസ്ഥാനം അതീവ ജാഗ്രതയിൽ

കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം.
കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് എയര്‍പോര്‍ട്ടുകളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

Read Also : ‘രാജ്യാന്തര യാത്രാ വിമാനങ്ങൾ ലഘൂകരിക്കാൻ പദ്ധതി’; പുതിയ വകഭേദം നേരിടാൻ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ഇവര്‍ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. അതിന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുന്നതാണ് എന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Story Highlights : omicron variant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top