Advertisement

‘ജനനീ ജന്മരക്ഷാ’ പദ്ധതി പൂർണ്ണമായും അട്ടിമറിച്ചു; അട്ടപ്പാടിയിലെ ശിശുമരണം ഭരണകൂടം നടത്തിയ കൂട്ടക്കൊലയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

November 28, 2021
2 minutes Read

അട്ടപ്പാടി ആദിവാസി മേഖലയിൽ നടന്ന അഞ്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സർക്കാർ ആദിവാസി മേഖലയെ പൂർണമായും കൈയൊഴിഞ്ഞ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഊരുകളിൽ ആരോഗ്യ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യവകുപ്പും ആദിവാസി-പട്ടികവർഗ ക്ഷേമ വകുപ്പും പൂർണപരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. പോഷകാഹാര പദ്ധതിയായ ‘ജനനീ ജന്മരക്ഷാ’ പൂർണ്ണമായും അട്ടിമറിച്ചെന്നും അതിനുള്ള ധനസഹായം മാസങ്ങളായി മുടക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ആദിവാസി അമ്മമാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

അട്ടപ്പാടി ആദിവാസി മേഖലകളിൽ നാല് ദിവസത്തിനുള്ളിൽ അഞ്ച് കുഞ്ഞുങ്ങളുടെ മരണം! സർക്കാർ ആദിവാസി മേഖലയെ പൂർണ്ണമായും കയ്യൊഴിഞ്ഞ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. കുഞ്ഞുങ്ങളിലെ പോഷകാഹാര കുറവും ഗർഭിണികളിലെ ആരോഗ്യപ്രശ്നങ്ങളും ഒക്കെ നിരന്തരം റിപ്പോർട്ട് ചെയ്തിട്ടും അവരെ തുടർചികിത്സക്ക് വിധേയമാക്കി ജീവൻ രക്ഷിക്കാനുള്ള യാതൊരു മാർഗ്ഗവും സർക്കാർ സ്വീകരിക്കുന്നില്ല എന്നത് ഗൗരവകരമായ കുറ്റമാണ്. പോഷകാഹാര പദ്ധതിയായ ‘ജനനീ ജന്മരക്ഷാ’ പൂർണ്ണമായും അട്ടമറിച്ചെന്നും അതിനുള്ള ധനസഹായം മാസങ്ങളായി മുടക്കിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ആദിവാസി അമ്മമാർ ഉന്നയിക്കുന്നത്. കുഞ്ഞുങ്ങളുടെ മരണം പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് ട്രൈബൽ ആശുപത്രി സൂപ്രണ്ടും സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

ഊരുകളിൽ ആരോഗ്യ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ആരോഗ്യവകുപ്പും ആദിവാസി-പട്ടികവർഗ ക്ഷേമ വകുപ്പും പൂർണ്ണപരാജയമാണ്. നിരന്തരമായ ലോക് ഡൗണുകളും അനുബന്ധ നിയന്ത്രണങ്ങളും ആദിവാസമേഖലയെ പൂർണ്ണമായും ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിലേക്കാണ് എത്തിച്ചത്. സർക്കാർ കൊട്ടിഗ്ഘോഷിച്ചു നടത്തിയ കിറ്റ് വിതരണം പോലും പല ഊരുകളിലും നടന്നില്ല. ആദിവാസി മേഖലയിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇപ്പോഴുണ്ടായ ഈ കുഞ്ഞുങ്ങളുടെ അതിദാരുണമായ മരണം. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയെ മറച്ചു വെക്കാൻ സ്വന്തം വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യമന്ത്രിയും പട്ടികവർഗ്ഗക്ഷേമവകുപ്പ് മന്ത്രിയും.

Story Highlights : k-sudhhakaran-on-attapady-child-death-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top