ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിലെ 6 താരങ്ങൾക്ക് കൊവിഡ്

ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിലെ 6 താരങ്ങൾക്ക് കൊവിഡ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സിംബാബ്‌വെയിലെത്തിയ ടീം അംഗങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണോ ഇവർക്ക് സ്ഥിരീകരിച്ചത് എന്നതിൽ വ്യക്തതയില്ല. ഒമിക്രോണിൻ്റെ പശ്ചാത്തലത്തിൽ സിംബാബ്‌വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഐസിസി റദ്ദാക്കിയിരുന്നു. (Sri Lanka women COVID)
അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസാന വാക്ക് കേന്ദ്രസർക്കാരിൻ്റേതെന്ന് ബിസിസിഐ അറിയിച്ചു. ആരോഗ്യമന്ത്രാലയം പറയുന്നതെന്തോ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും താരങ്ങളുടെ സുരക്ഷയാണ് ഏറെ പ്രാധാന്യമെന്നും ബിസിസിഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.
Read Also : ‘താരങ്ങളുടെ സുരക്ഷ പ്രധാനം; സർക്കാർ പറയുമ്പോലെ ചെയ്യും’; ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ബിസിസിഐ പ്രതികരണം
“ഞങ്ങൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡുമായി ബന്ധപെടുന്നുണ്ട്. അവിടുത്തെ അവസ്ഥ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് ഏറെ പ്രധാനം. അതിനനുസരിച്ച് തീരുമാനം എടുക്കും. ആരോഗ്യമന്ത്രാലയത്തിൻ്റെ തീരുമാനം ഏറെ പ്രാധാന്യമുള്ളതാണ്. ഇക്കാര്യത്തിൽ മന്ത്രാലയം എന്തെങ്കിലും നിർദ്ദേശം നൽകിയാൽ, അതിനനുസരിച്ച് ഞങ്ങൾ തീരുമാനമെടുക്കും.”- അരുൺ ധുമാൽ പറഞ്ഞു.
കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിനാൽ നെതർലൻഡിൻ്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിച്ചിരുന്നു. 3 ഏകദിന മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലൻഡ് ഇന്ന് ആദ്യ മത്സരം കളിച്ചിരുന്നു. മത്സരം മഴ മൂലം ഉപേക്ഷിച്ചു. അടുത്ത മത്സരം ഈ മാസം 28നാണ് തീരുമാനിച്ചിരുന്നത്.
ഇന്ത്യ എ യും ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കൻ എയ്ക്കെതിരെ നടക്കുന്ന ഇന്ത്യൻ പര്യടനം തുടരാനാണ് നിലവിലെ തീരുമാനം. ആദ്യ മത്സരം മഴ മൂലം സമനിലയിൽ പിരിഞ്ഞിരുന്നു. പര്യടനത്തിൽ ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടിയുണ്ട്. ഇരു ബോർഡുകളും ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്.
ഡിസംബർ 17 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം തീരുമാനിച്ചിരുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും നാല് ടി-20കളും പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു. ജനുവരി 26ന് അവസാന ടി-20 നടക്കും. അടുത്ത ആഴ്ചയോടെ ടീം പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, കൊവിഡ് സാഹചര്യത്തിൽ പര്യടനം മാറ്റിവെക്കാനാണ് സാധ്യത കൂടുതൽ.
Story Highlights : Six Sri Lanka women cricketers positive COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here