പിടിനൽകാതെ സോമർവിലും ലതവും; ഇന്ത്യ വിയർക്കുന്നു

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് സുരക്ഷിതമായ നിലയിൽ. അവസാന ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിലാണ്. ടോം ലതം (35), വില്ല്യം സോമർവിൽ (36) എന്നിവരാണ് ക്രീസിൽ. വിൽ യങ് (2) ആണ് പുറത്തായത്. ഏകദേശം 59 ഓവർ ശേഷിക്കെ 205 റൺസ് കൂടിയാണ് ന്യൂസീലൻഡിന് ഇനി വിജയിക്കാൻ വേണ്ടത്. (newzealand second innings india)
ഇന്ത്യൻ പിച്ചിൽ അഞ്ചാം ദിനം സ്പിന്നർമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം മുതലെടുത്ത് ഇന്ത്യ പന്തെറിഞ്ഞെങ്കിലും ലതവും നൈറ്റ് വാച്ച്മാൻ സോമർവിലും വിട്ടുകൊടുത്തില്ല. ഇന്ത്യൻ സ്പിൻ ത്രയത്തെ ഫലപ്രദമായി പ്രതിരോധിച്ച സഖ്യം ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തി. ചില ക്ലോസ് ഷേവുകളും എഡ്ജുകളുമൊക്കെ ഉണ്ടായെങ്കിലും ഒരു വിക്കറ്റ് വീഴ്ത്താൻ ഇന്ത്യക്ക് സാധിച്ചില്ല. ചിലപ്പോഴൊക്കെ നിർഭാഗ്യമാണ് ഇന്ത്യക്ക് വിക്കറ്റ് നിഷേധിച്ചത്. 9 വിക്കറ്റുകൾ ബാക്കിയുള്ളതിനാൽ ഉച്ചഭക്ഷണത്തിനു ശേഷം കുറച്ചുകൂടി ആക്രമണ ബാറ്റിംഗ് പുറത്തെടുക്കാൻ ന്യൂസീലൻഡ് ശ്രമിച്ചേക്കും.
Read Also : ശ്രേയാസും സാഹയും രക്ഷകരായി; ഇന്ത്യക്കെതിരെ ന്യൂസീലൻഡിന് 284 റൺസ് വിജയലക്ഷ്യം
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്ത് നിൽക്കെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ഫിഫ്റ്റി നേടിയ ശ്രേയാസ് അയ്യർ (65) ഇന്ത്യയുടെ ടോപ്പ് സ്കോററായി. കഴുത്തിനു പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയും (61 നോട്ടൗട്ട്) ഫിഫ്റ്റിയടിച്ചു. ന്യൂസീലൻഡിനായി ടിം സൗത്തിയും കെയിൽ ജമീസണും 3 വിക്കറ്റ് വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 296 റൺസിന് എല്ലാവരും പുറത്തായിരുന്നു. 5 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് കിവീസിനെ തകർത്തത്. 95 റൺസെടുത്ത ടോം ലതം കിവീസ് ടോപ്പ് സ്കോററായപ്പോൾ വിൽ യങും (89) തിളങ്ങി. ഓപ്പണർമാരെക്കൂടാതെ വേറെ ഒരാൾക്കും ന്യൂസീലൻഡ് നിരയിൽ തിളങ്ങാനായില്ല. ഓപ്പണർമാർ കഴിഞ്ഞാൽ 23 റൺസെടുത്ത 8ആം നമ്പർ താരം കെയിൽ ജമീസൺ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി. നിലവിൽ ഇന്ത്യക്ക് 49 റൺസ് ലീഡാണ് ഉള്ളത്.
Story Highlights : newzealand second innings india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here