ഒമിക്രോൺ: ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം

കൊവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ഇന്ത്യയും. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വാക്‌സിനേഷൻ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീടുകൾതോറുമുള്ള വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ( RTPCR can detect omicron )
അതേസമയം, കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വൈകുന്നേരം മൂന്നരയ്ക്കാണ് യോഗം.
വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനം സ്വീകരിച്ച മുൻകരുതൽ യോഗം വിശദമായി പരിശോധിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും നിരീക്ഷണവും കർശനമാക്കാനാണ് തീരുമാനം.ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റൈനിലും കഴിയണം.
Read Also : ഒമിക്രോൺ : രാജ്യാന്തര യാത്രക്കാർക്ക് 7 ദിവസം ക്വാറന്റീൻ; ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം
കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ വിജയകരമായി നടപ്പിലാക്കിയ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ശക്തിപ്പെടുത്തും. സാമൂഹിക അകലം പാലിക്കലും, സാനിറ്റൈസർ, മാസ്‌ക്, ഉപയോഗവും കാര്യക്ഷമമാക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കൊവിഡ് വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അവലോകന യോഗം പരിശോധിക്കും.
സ്‌കൂളുകളുടെ പ്രവർത്തന സമയം വൈകുന്നേരം വരെ ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിലും തീരുമാനമുണ്ടായേക്കും. മരക്കാർ റിലീസിന് മുമ്പ് തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കണമെന്ന സിനിമ സംഘടനകളുടെ ആവശ്യവും യോഗം പരിഗണിക്കാനാണ് സാധ്യത.
Story Highlights : RTPCR can detect omicron
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here