Advertisement

സൊമാലിയയുടെ ആദ്യ വനിത ഗൈനക്കോളജിസ്റ്റ്; വിഷമതകളുടെ ദയനീയ മുഖങ്ങൾക്ക് കരുത്തും ആശ്വാസവും!!

December 2, 2021
1 minute Read

ഹവാ അബ്ദിയെ കുറിച്ച് അറിയാമോ? അറിഞ്ഞിരിക്കേണ്ട പേരാണത്. സൊമാലിയയുടെ ആദ്യ വനിത ഗൈനക്കോളജിസ്റ്റ്. മൂന്നാംലോകത്തെ പട്ടിണി പാവങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന സൊമാലിയയെ ഒരുപാട് ജീവനുകൾക്ക് കരുത്തും ആശ്വാസവുമാണ് ഈ പേര്. പട്ടിണിയുടെയും വിഷമതകളുടെയും ദയനീയ മുഖങ്ങൾക്ക്, ആഭ്യന്തര യുദ്ധങ്ങളിൽ തകർന്നടിഞ്ഞ ഒരുപിടി ജീവനുകൾക്ക് ആശ്രയം കൂടിയാണ് ഈ കരങ്ങൾ. തന്നാൽ കഴിയുന്നതെല്ലാം അതിലും മികച്ചതായി ആ ജനങ്ങൾക്ക് നൽകാൻ ഈ വനിത ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

പരിചയപ്പെടാം ഹവാ ഹബ്‌ദിയെ:-

സൊമാലിയയിലെ ‘മൊഗാഡിഷു’ എന്ന സ്ഥലത്ത് 1947 മേയ് 17 നാണ് ഹവാ ഹബ്‌ദി ജനിക്കുന്നത്. പന്ത്രണ്ടാം വയസിൽ അമ്മ മരിക്കുന്നതോടെ ഒരു കുടുംബത്തിന്റെ മൊത്തം ഉത്തരവാദിത്വം ആ ചുമലുകൾക്കായിരുന്നു. തന്റെ നാല് സഹോദരിമാർക്ക് അമ്മയായും ആ കുടുംബത്തിന് താങ്ങായും അവൾ നിന്നു. പെണ്മക്കളുടെ വിദ്യാഭ്യാസം അച്ഛൻ വളരെ നിർബന്ധമുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ പഠന കാര്യങ്ങൾ തടസം കൂടാതെ മുന്നോട്ട് പോയി. കുടുംബത്തിന്റെ ഉത്തരവാദിത്വത്തോടെപ്പം പഠനത്തിലും ഹവാ മികച്ചു നിന്നു.

പക്ഷെ വളരെ ചെറുപ്പത്തിൽ തന്നെ ഹവായുടെ വിവാഹം തന്നെക്കാൾ അധികം പ്രായമുള്ള ഒരാളുമായി കഴിഞ്ഞിരുന്നു. പക്ഷെ ആ വിവാഹത്തിന് ആയുസ്സുണ്ടായില്ല. മെഡിക്കൽ പഠനം തുടങ്ങുന്നതിന് മുമ്പേ തന്നെ ആ വിവാഹബന്ധം വേർപ്പെടുത്തി.

സോവിയറ്റ് യൂണിയന്റെ വിമൻസ് കമ്മിറ്റിറ്റി സ്കോളർഷിപ്പാണ് ഹവാ അബ്ദിക്ക് മെഡിക്കൽ പഠനത്തിന് സഹായകമായത്. 1971 ൽ ഡോക്ടറായി പുറത്തിറങ്ങിയെങ്കിലും പഠനം നിർത്താൻ ഹവാ തയ്യാറായില്ല. ഉച്ചവരെ ഡോക്ടറായി പ്രാക്ടീസും അതിന് ശേഷം നിയമപഠനവും മുന്നോട്ട് കൊണ്ട് പോയി. 1979 ൽ സൊമാലിയ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ പഠനവും പൂർത്തിയാക്കി.

മോസ്‌കോയിൽ വെച്ച് മെഡിക്കൽ പഠനത്തിടെ കണ്ടുമുട്ടിയ ഏദന്‍ മുഹമ്മദ് എന്ന സഹപാഠിയെ വിവാഹംചെയ്തു. മൂന്ന് മക്കളായിരുന്നു അവർക്ക്. അകാലത്തിൽ ഭർത്താവും മകനും മരിച്ചു. പക്ഷേ തന്റെ രണ്ട്‌ പെൺമക്കളെയും ഹവാ പഠിപ്പിച്ചു. അവരും ഡോക്ടർമാരാണ്.

കുടുംബ വകയായി കിട്ടിയ സ്ഥലത്തു പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഒരു ഒറ്റമുറി ക്ലിനിക് തുടങ്ങി. “റൂറൽ ഹെൽത്ത് ഡെവലപ്മെന്റ് ഓർഗനൈസേഷൻ എന്നായിരുന്നു പേര്. പിന്നീടത്‌ 400 മുറികളുള്ള വലിയ ഒരു ആശുപത്രിയായി മാറി. 2007-ല്‍ റൂറല്‍ ഹെല്‍ത്ത് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ പേരുമാറ്റി ‘ഡോക്ടര്‍ ഹവാ അബ്ദി ഫൗണ്ടേഷന്‍’ എന്നാക്കി‌ മാറ്റി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ആഭ്യന്തരകലാപ സമയത്ത് പരിക്കേറ്റവരെ ചികിത്സിക്കാനും അവര്‍ക്ക് സേവനം ചെയ്യാനും ഹവാ അബ്ദി തയ്യാറായി. 2011-ലെ കൊടും വരള്‍ച്ചയില്‍ ഈ സ്ഥാപനം ദുരിതാശ്വാസ ക്യാമ്പായും പ്രവർത്തിച്ചു. നാളുകൾക്ക് ശേഷം തീവ്രവാദികൾ സ്ഥാപന പൂട്ടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പ്രദേശവാസികൾ ആ ശ്രമം തടഞ്ഞു. പിന്നീട് അനാഥ കുട്ടികൾക്കായി അവിടെ ഒരു ക്ലിനിക്കും സ്‌കൂളും ഹബ്‌ദി സ്ഥാപിച്ചു.

Story Highlights : Hawa Abdi the Inspiration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top