ഇന്നത്തെ പ്രധാന വാർത്തകൾ (04-12-2021)

‘ആളുകൾ ആവശ്യങ്ങളുമായി വരുമ്പോൾ തടസം നിൽക്കരുത്’; സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി ( dec 4 news round up )
സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ സേവനങ്ങൾക്കായി സമീപിക്കുമ്പോൾ ആരോഗ്യകരമല്ലാത്ത പെരുമാറ്റമാണ് ജീവനക്കാരുടേതെന്ന് വിമർശനമുണ്ട്. ആരും വ്യക്തിപരമായ ഔദാര്യത്തിനു വേണ്ടിയല്ല, അവരുടെ അവകാശത്തിനു വേണ്ടിയാണ് വരുന്നത്. സംസ്ഥാനത്തിൻ്റെ പൊതുസ്വഭാവത്തിനു ചേരാത്ത കടുത്ത ദുഷ്പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പി ബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്. യുവമോർച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും ഏറ്റവും കൂടുതൽ തവണ കുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പട്ടികയിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഷോകോസ് നോട്ടിസ് അയച്ചെന്ന് മന്ത്രി പറഞ്ഞു. 1707 അധ്യാപകർ-അനധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. എൽ പി , യു പി വിഭാഗങ്ങളിൽ 1066 പേരാണ് വാക്സിൻ എടുക്കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
‘പീഡനം ഇനിയും സഹിക്കാൻ വയ്യ’; മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന്
ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി മോഫിയ ഭർത്താവിന് അയച്ച ശബ്ദ സന്ദേശങ്ങൾ അന്വേഷണ സംഘത്തിന്. പീഡനം ഇനിയും സഹിക്കാൻ വയ്യെന്നും ജീവിച്ചിരിക്കാൻ തോന്നുന്നില്ലെന്നും സന്ദേശത്തിൽ മോഫിയ പറഞ്ഞു.
സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസ്
കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതി ചേർത്ത് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിനോപ്പം പാർട്ടിയിൽ ലഹരി ഉപയോഗിച്ച 17 പേർക്കെതിരെയാണ് കേസ്. സൈജുവിന്റെ മൊബൈലിൽ നിന്നും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകൾ 60 സെൻറീമീറ്റർ ആണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.
Story Highlights : dec 4 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here