മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയും തമിഴ്നാട് മുൻ ഗവർണറുമായ കെ റോസയ്യ അന്തരിച്ചു. 88 വയസായിരുന്നു. രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ( rosayya passes away )
8.20 ഓടെയാണ് മരണം സംഭവിച്ചതെന്ന് സ്റ്റാർ ഹോസ്പിറ്റൽസ് പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കി. സംസ്കാര ചടങ്ങുകൾ നാളെ ഹൈദരാബാദിൽ വച്ച് നടക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു റോസയ്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു. ടിപിസിസി അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി റോസയ്യയുടെ മകനെ വിളിച്ച് അനുശോചനം രേഖപ്പെടുത്തി.
യുവതലമുറ അനുകരിക്കേണ്ട രാഷ്ട്രീയനേതാവാണ് റോസയ്യയെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ് മോഹൻ റെഡ്ഡിയും, ടി.ജയപ്രകാശ് റെഡ്ഡി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Read Also : അറയ്ക്കല്‍ ബീവി അന്തരിച്ചു
2009 മുതൽ 2010 വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കെ റോസയ്യ. തമിഴ്നാട് ഗവര്‍ണറായും ശ്രദ്ധേയനായിരുന്ന അദ്ദേഹം ആന്ധ്ര പിസിസി അധ്യക്ഷനായിരുന്നു. എംപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979 മുതൽ വിവിധ കോൺഗ്രസ് സർക്കാരുകളിൽ കെ റോസയ്യ മന്ത്രിയായിരുന്നു .
രാജ്യത്ത് ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡിട്ട വ്യക്തിയാണു റോസയ്യ. മൊത്തം പതിനഞ്ച് തവണ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 1933 ജൂലൈയിൽ ഗുണ്ടൂർ ജില്ലയിലെ വെമുരുവിലാണ് കെ റോസയ്യയുടെ ജനനം. കൊമേഴ്സ് ബിരുദധാരിയായ അദ്ദേഹം ഗുണ്ടൂരിലെ ഹിന്ദു കോളേജിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1968, 1974, 1980 വർഷങ്ങളിൽ ആന്ധ്രാപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ റോസയ്യ, മാരി ചന്ന റെഡ്ഡിയുടെ കീഴിൽ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിന് ശേഷമാണ് കെ റോസയ്യ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
Story Highlights : rosayya passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here