Advertisement

കുനൂരിൽ ജീവൻ വെടിഞ്ഞവർ; കണ്ണീരണിഞ്ഞ് രാജ്യം

December 9, 2021
2 minutes Read
helicopter crash death profile

14 പേരുമായി യാത്ര തുടങ്ങിയ കോപ്റ്ററിൽ ഇന്ന് ജീവനോടെയുള്ളത് ഒരേയൊരാളാണ്. കോപ്റ്ററിലെ ബാക്കിയുള്ള 13 പേരും മരണപ്പെട്ടിരിക്കുന്നു. രാജ്യം വിറങ്ങലിച്ചുനിൽക്കുകയാണ്. 13 പേർ എന്ന് വായിച്ച് നെടുവീർപ്പിടുമ്പോൾ ഇവർക്കൊക്കെ കുടുംബമുണ്ടായിരുന്നു എന്നും ഇവർക്ക് വേണ്ടി കരഞ്ഞുകലങ്ങിയ കണ്ണുകൾ രാജ്യത്തിൻ്റെ വിവിധയിടങ്ങളിലുണ്ടെന്നും നമ്മൾ ഓർക്കണം. ഇവരൊക്കെ ഭർത്താവായിരുന്നു, അച്ഛനായിരുന്നു, മകനായിരുന്നു, സഹോദരനും സുഹൃത്തുമായിരുന്നു. ഭാര്യയും മകളും അമ്മയുമായിരുന്നു. ഇവർക്കൊക്കെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടായിരുന്നു. (helicopter crash death profile)

ജനറൽ ബിപിൻ റാവത്ത്

ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആണ് ജനറൽ ബിപിൻ റാവത്ത്. 2019 ഡിസംബർ 30-നാണ് അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തിൽ പരിചയസമ്പന്നനായിരുന്നു അദ്ദേഹം. കൂടാതെ വടക്കൻ, കിഴക്കൻ കമാൻഡുകൾ ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഭൂപ്രദേശങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

2016 ഡിസംബർ 17-ൽ 27-ാമത് കരസേനാ മേധാവിയായി (സിഒഎഎസ്) ജനറൽ ദൽബീർ സിംഗ് സുഹാഗിൽ നിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ കരസേനയുടെ ചുമതല ഏറ്റെടുത്തിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമി (എൻ‌ഡി‌എ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐ‌എം‌എ) എന്നിവയുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന റാവത്, 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റിൽ 1978 ഡിസംബറിലാണ് ഇന്ത്യൻ ആർമിയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) ചാപ്റ്റർ VII ദൗത്യത്തിൽ അദ്ദേഹം ഒരു മൾട്ടിനാഷണൽ ബ്രിഗേഡിന് കമാൻഡറായി പ്രവർത്തിച്ചിരുന്നു, അവിടെ അദ്ദേഹത്തിന് രണ്ട് തവണ ഫോഴ്‌സ് കമാൻഡറുടെ പ്രശംസ ലഭിച്ചിരുന്നു. പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, യുദ്ധസേവാ മെഡൽ, സേനാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

മധുലിക റാവത്ത്

1963 ഫെബ്രുവരി ഏഴിന് മധ്യപ്രദേശിൽ ജനിച്ച മധുലികയുടെ പിതാവ് കുൻവാർ മൃഗേന്ദ്ര സിംഗ് കോൺഗ്രസ് എംഎൽഎ ആയിരുന്നു. ഗ്വാളിയോറിലോറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മധുലിക ഡൽഹി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. 1985ലാണ് മധുലിക ബിപിൻ റാവത്തിനെ വിവാഹം കഴിക്കുന്നത്. സാമൂഹ്യ പ്രവർത്തകയും സൈനികരുടെ ഭാര്യമാർക്കായുള്ള സംഘടനയുടെ പ്രസിഡൻ്റുമായിരുന്നു മധുലിത. സൈനികരുടെ ഭാര്യമായുടെ ക്ഷേമത്തിനായി പ്രവർത്തിച്ച മധുലിത അവരെ സ്വയം പര്യാപ്തരാവാൻ സഹായിച്ചു. വിവിധ കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കാനും സാമ്പത്തിക സ്വയം പര്യാപ്തത അവരിൽ കൊണ്ടുവരാനും മധുലിത ശ്രദ്ധിച്ചു. സൈനികരുടെ വിധവകളെ സഹായിക്കാനായി രൂപപ്പെടുത്തിയ വീർ നാരീസ് അടക്കമുള്ള സംഘടകനകളുമായി ചേർന്നും മധുലിത പ്രവർത്തിച്ചിരുന്നു.

ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ

ഹരിയാന പാഞ്ച്കുല സ്വദേശിയായ ലിഡ്ഡർ 1990 ഡിസംബറിലാണ് സേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. ഒരു വർഷത്തോളമായി ജനറൽ ബിപിൻ റാവത്തിൻ്റെ സൈനിക ഉപദേഷ്ടാവായിരുന്നു. ദേശീയ പ്രതിരോധ അക്കാദമിയിൽ പഠിച്ച ബ്രിഗേഡിയർ ലിഡ്ഡർ ജമ്മു കശ്മീരിലും കിഴക്കൻ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മേജർ ജനറൽ ആയി പ്രമോഷൻ കാത്തിരിക്കുകയായിരുന്നു. ഭാര്യ ഗീതികയും മകൾ അഷാനയും ചേർന്നതാണ് ബ്രിഗേഡിയറുടെ കുടുംബം. ഇദ്ദേഹത്തിൻ്റെ പിതാവ് സേനയിലെ കേണലായിരുന്നു.

ലഫ്റ്റനൻ്റ് കേണൽ ഹർജിന്ദെർ സിംഗ്

11 ഗൂർഖ റൈഫിൾസിലെ അംഗമായിരുന്നു ലഫ്റ്റനൻ്റ് കേണൽ ഹർജിന്ദെർ സിംഗ്. സിയാച്ചിനിലും യുഎൻ സംഘത്തിനൊപ്പവും പ്രവർത്തിച്ചിട്ടുള്ള ഹർജിന്ദെർ ലക്നൗ സ്വദേശിയാണെങ്കിലും ഡൽഹിയിലാണ് സ്ഥിരതാമസമാക്കിയിരുന്നത്. ജനറൽ ബിപിൻ റാവത്തിൻ്റെ സ്റ്റാഫ് ഓഫീസറായിരുന്നു.

വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാൻ

വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാൻ ആണ് ഇന്നലെ അപകടത്തിൽ പെട്ട ഹെലികോപ്റ്റർ പറത്തിയത്. രണ്ട് പതിറ്റാണ്ടിലേറെ നീളുന്ന അനുഭവസമ്പത്താണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ജനുവരിൽ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിംഗ് കമാൻഡർ പൃഥ്വി സിംഗ്. അല്പ ദിവസങ്ങൾക്കു മുൻപ് അദ്ദേഹം വീട്ടിൽ വിളിച്ച് പിതാവുമായി സംസാരിച്ചിരുന്നു.

മധ്യപ്രദേശുകാരനാണ് വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാൻ. 2006ൽ കുടുംബം ആഗ്രയിലേക്ക് നീങ്ങി. അവിടെ പിതാവ് ബേക്കറി തുറന്നു. ദേശീയ പ്രതിരോധ അക്കാദമിയിലാണ് അദ്ദേഹം പഠിച്ചത്. 2000ൽ അദ്ദേഹം നാവികസേനയിൽ ചേർന്നു. കോയമ്പത്തൂരിലാണ് അദ്ദേഹത്തെ ഇപ്പോൾ പോസ്റ്റ് ചെയ്തിരുന്നത്. 2007ൽ അദ്ദേഹം കാമിനിയെ വിവാഹം ചെയ്തു. 12 വയസ്സുള്ള ഒരു മകളും 7 വയസ്സുള്ള ഒരു മകനും ദമ്പതികൾക്കുണ്ട്.

നായിബ് സുബേദാർ ഗുർസേവക് സിംഗ്

പഞ്ചാബുകാരനാണ് നായിബ് സുബേദാർ ഗുർസേവക് സിംഗ്. കുടുംബത്തിനൊപ്പം അവധിയിലായിരുന്ന അദ്ദേഹം നവംബർ 14നാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. ഭാര്യ ജസ്പ്രീത് കൗറും പെണ്മക്കളായ സിമ്രത്‌ദീപ് കൗറും (9 വയസ്സ്) ഗുർലീൻ കൗറും (7 വയസ്സ്) 3 വയസ്സുകാരൻ ഫതേ സിംഗുമാണ് ഗുർസേവക് സിംഗിൻ്റെ കുടുംബം.

ജൂനിയർ വാറൻ്റ് ഓഫീസർ റാണ പ്രതാപ് ദാസ്

ഒഡീഷയിലെ അംഗുൾ സ്വദേശിയാണ് റാണ പ്രതാപ് ദാസ്. ഗണ്മാനായ ഇദ്ദേഹം ഹെലികോപ്റ്ററിലെ സാങ്കേതിക സംഘത്തിനൊപ്പമാണ് ഉണ്ടായിരുന്നത്. 12 വർഷത്തോളമായി അദ്ദേഹം വ്യോമസേനയിൽ ജോലി ചെയ്യുന്നു. ഭാര്യയും ഒരു വയസ്സുള്ള മകനുമുണ്ട്.

ജൂനിയർ വാറണ്ട് ഓഫീസർ പ്രദീപ് എ

തൃശൂർ പൊന്നൂക്കര സ്വദേശിയാണ് പ്രദീപ്. അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകൻ. ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രദീപ് അവസാനമായി നാട്ടിലെത്തിയത്. അച്ഛനെ തിരികെ വീട്ടിലെത്തിച്ച് മകന്റെ ജന്മദിനം ആഘോഷിച്ചതിനു ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചു. അത് മൂന്ന് ദിവസങ്ങൾക്ക് മുൻപായിരുന്നു. നാലാം ദിവസം അപകടം. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ. ഏഴു വയസ്സുകാരൻ ദക്ഷിൺ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവർ മക്കളാണ്.

2004ലാണ് ഇദ്ദേഹം വ്യോമസേനയിൽ ചേർന്നത്. കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു. കേരളത്തിലെ പ്രളയക്കെടുതിയിൽ രക്ഷാദൗത്യം നടത്തിയ വ്യോമസേനാസംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു. അപകടത്തിൽ പെട്ട കോപ്റ്ററിൻ്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. സേനയിൽ 20 വർഷം പൂർത്തിയാക്കുമ്പോൾ നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു പ്രദീപിൻ്റെ ആഗ്രഹം.

ഹവിൽദാർ സത്പാൽ റായ്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയാണ് സത്പാൽ റായ്. 41കാരനായ ഇദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥാനായിരുന്നു. ഗൂർഖ റൈഫിൾസിലാണ് അദ്ദേഹത്തെ പോസ്റ്റ് ചെയ്തിരുന്നത്. സത്പാൽ റായുടെ മകനും സൈന്യത്തിലുണ്ട്.

നായ്ക് ജിതേന്ദ്ര കുമാർ

മധ്യപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാർ 8 വർഷത്തോളമായി സൈന്യത്തിലുണ്ട്. ബിപിൻ റാവത്തിൻ്റെ സുരക്ഷാ സംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം. 4 വയസ്സുള്ള മകളും ഒരു വയസ്സുള്ള മകനും ഇദ്ദേഹത്തിനുണ്ട്.

സ്‌ക്വാഡ്രന്‍ ലീഡര്‍ കുല്‍ദീപ് സിംഗ്

രാജസ്ഥാൻകാരനാണ് സ്‌ക്വാഡ്രന്‍ ലീഡര്‍ കുല്‍ദീപ് സിംഗ്. അപകടത്തിൽ പെട്ട കോപ്റ്ററിൻ്റെ സഹപൈലറ്റായിരുന്നു. 2013ൽ സേനയിൽ ചേന്ന ഇദ്ദേഹത്തിൻ്റെ പിതാവ് രൺധീർ സിംഗ് റാവു നാവികസേന ഉദ്യോഗസ്ഥനായിരുന്നു. 2019ൽ യശ്വനി ധാക്കയെ വിവാഹം കഴിച്ചു.

ലാൻസ് നായ്ക് ബി സായ് തേജ

ജനറൽ ബിപിൻ റാവത്തിൻ്റെ സുരക്ഷാ സംഘത്തിലെ അംഗമായിരുന്നു ലാൻസ് നായ്ക് ബി സായ് തേജ. ആന്ദ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ഇദ്ദേഹം 2012ൽ സേനയിൽ ചേർന്നു. സായി തേജ മൂന്ന് മാസങ്ങൾക്ക് മുൻപ് വീട്ടിൽ വന്നിട്ടാണ് പോയത്. ഇദ്ദേഹത്തിൻ്റെ സഹോദരൻ മഹേഷും സൈനികനാണ്. അമ്മ ഭുവനേശ്വരിയാണ് ഇരുവരെയും സൈന്യത്തിൽ ചേരാൻ പ്രേരിപ്പിച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സായി തേജ ഭാര്യയോടും മക്കളോടും വിഡിയോ കോളിൽ സംസാരിച്ചിരുന്നു. അടുത്തയാഴ്ച നാട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശ്യാമളയാണ് ഭാര്യ. 5 വയസ്സുകാരൻ മോക്ഷണയും 3 വയസ്സുകാരി ദർശിനിയും മക്കൾ.

ലാൻസ് നായ്ക് വിവേക് കുമാർ

2012ലാണ് അദ്ദേഹം സൈന്യത്തിൽ ചേരുന്നത്. 29 വയസ്സുകാരനായ ഇദ്ദേഹം ജമ്മുകശ്മീരിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Story Highlights : helicopter crash 13 death profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top