പ്രായം ചെറുതാണെങ്കിലും പ്രവൃത്തി വലുതാണ്; നായ്ക്കുട്ടിക്കായി പൈപ്പിൽ നിന്ന് വെള്ളമെടുക്കുന്ന കുഞ്ഞുബാലന്റെ ഹൃദയസ്പർശിയായ വീഡിയോ…

കുഞ്ഞുങ്ങൾ ദൈവത്തിന്റെ രൂപമാണ് എന്നല്ലേ പറയാറ്. അവർ വളരെ നിഷ്കളങ്കരും എല്ലാവരെയും അളവറ്റ് സ്നേഹിക്കുന്നവരുമാണ്. ഈ ലോകത്തെ മുഴുവൻ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള മാന്ത്രിക വിദ്യ അവരുടെ പക്കലുണ്ട്. കുഞ്ഞുങ്ങളുടെ നല്ല പ്രവൃത്തി നമുക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദാഹിച്ച് വലഞ്ഞ് തനിക്കരികിലെത്തിയ നായക്കുട്ടിയ്ക്ക് വേണ്ടി തന്നെക്കാൾ വലുപ്പമുള്ള ഒരു ബോർഡവെൽ പൈപ്പിൽ നിന്നും പമ്പ് ചെയ്ത് വെള്ളം എടുക്കാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ വീഡിയോയിൽ ഉള്ളത്. അല്പം വെള്ളത്തിനായി ആ കുഞ്ഞു കൈകൾ കൊണ്ട് പലയാവർത്തി പൈപ്പ് പമ്പ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
ഐപിഎസ് ഓഫീസർ ദീപാൻഷു കബ്രയാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ വീഡിയോ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ‘പ്രായത്തിൽ എത്ര ചെറുതാണെങ്കിലും കഴിയുന്ന പോലെ എല്ലാവർക്കും ആരെയെങ്കിലും ഒക്കെ സഹായിക്കാം’ എന്നാണ് അദ്ദേഹം വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. പൈപ്പിൽ നിന്ന് വെള്ളം വരുന്നുണ്ടോ എന്ന് നോക്കി തൊട്ടരികിൽ തന്നെ ഇരിക്കുന്ന നായക്കുട്ടിയെയും വീഡിയോയിൽ കാണാം. ഒടുവിൽ പൈപ്പിൽ നിന്ന് വെള്ളം വരുമ്പോൾ നായ അതിൽ നിന്ന് വെള്ളം കുടിക്കുന്നതും കാണാം.
ബാലന്റെ ഈ പ്രവൃത്തിയെയും മനസിനെയും വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. സഹജീവികളോടുള്ള ദയയും കരുതലും കുഞ്ഞുങ്ങളെ ചെറുപ്പത്തിലെ ശീലിപ്പിക്കണം. നല്ലൊരു മനുഷ്യനായി വളരാൻ അത് അവനെ സഹായിക്കും. വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ നിരവധി കമന്റുകൾ കൊണ്ട് നിറയുകയാണ്.
Story Highlights : Kid worked hard to run a hand pump for dog viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here