കെ-റെയിൽ ആശങ്ക പരിഹരിക്കും, പ്രതിപക്ഷ എം പിമാർ വികസന പദ്ധതിക്ക് എതിരെ നിൽക്കുന്നു: കാനം രാജേന്ദ്രൻ

സിലവർ ലൈൻ പദ്ധതിയിലെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സർക്കാരിനോട് കേന്ദ്രം ശത്രുതയോടെ പെരുമാറുന്നെന്ന് കാനം പറഞ്ഞു. നിക്ഷിപ്ത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നിലപാട് കേരളത്തിനോടുള്ള വഞ്ചനയാണ്. കേരളത്തിലെ പ്രതിപക്ഷ എം പിമാർ വികസന പദ്ധതിക്ക് എതിരെ നിൽക്കുന്നു. കെ-റെയിൽ പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ഇതിനിടെ കെ റെയിലുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിക്ക് പിറകിൽ അഴിമതിയുണ്ടെന്നും അതുകൊണ്ടാണ് അനാവശ്യ വേഗം കാണിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. കെ റെയിലിനെതിരെ നാളെ സംസ്ഥാന വ്യപകമായി സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം കെ റെയിലിനെതിരെ നിവേദനത്തിൽ ശശി തരൂർ എം പി ഒപ്പിടാത്തത് പരിശോധിക്കുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
എന്നാൽ സില്‍വര്‍ലൈനിനെതിരായ യുഡിഎഫ് എം.പിമാരുടെ നിവേദനത്തിൽ ഒപ്പ് വെയ്ക്കാത്തതിൽ വിശദീകരണവുമായി ശശി തരൂർ എം പി രംഗത്തെത്തിയിരുന്നു . വിശദമായി പഠിക്കാതെ സില്‍വര്‍ ലൈനിനെ എതിർക്കാനില്ലെന്ന് തരൂർ അറിയിച്ചു. പദ്ധതിയെ കുറിച്ച് മനസ്സിലാക്കാന്‍ കൂടുതൽ സമയം വേണമെന്നാണ് തൻ്റെ നിലപാട്. നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണ്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Story Highlights : Kanam rajendran on K-Rail Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here