ആലപ്പുഴ ഇരട്ടകൊലപാതകം : 50 പേർ കസ്റ്റഡിയിലെന്ന് ഹർഷിത അട്ടല്ലൂരി

ആലപ്പുഴയിൽ എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലെന്ന് ഐജി ഹർഷിത അട്ടല്ലൂരി. ഇതിൽ ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും ഉണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഐജി അറിയിച്ചു.
ഇനി അക്രമം ഉണ്ടായാൽ കർശന നടപടിയെടുക്കും. പൊലീസിന്റ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നതെന്നും ഹർഷിത അറിയിച്ചു. ‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം ആണ്’- ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും ഐജി പറഞ്ഞു.
ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read Also : ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങൾ ആസൂത്രിതമെന്ന് ജില്ലാ പൊലീസ് മേധാവി
എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന് വെട്ടേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തിയ ശേഷം ആവർത്തിച്ച് വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് നിന്നും പ്രതികൾ രക്ഷപ്പെട്ടു.
വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
Story Highlights : harshitha attalluri about alappuzha twin murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here