2018ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിച്ചിരുന്നു: അശ്വിൻ

2018ൽ ക്രിക്കറ്റ് കളി നിർത്താൻ ആലോചിച്ചിരുന്നു എന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. തനിക്ക് പരുക്കേറ്റിരുന്ന ആ സമയത്ത് വേണ്ടത്ര പരിഗണന ആരും നൽകിയിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെ ഒരു ചിന്തയിലേക്ക് എത്തിയതെന്നും അശ്വിൻ പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വിൻ മനസ്സുതുറന്നത്.
“2018ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കാമെന്ന തീരുമാനത്തിലെത്തി. അതിന് ഒരുപാട് തീരുമാനങ്ങൾ ഉണ്ടായിരുന്നു. എനിക്ക് പിന്തുണ ലഭിക്കുന്നുണ്ടായിരുന്നില്ല. ഞാൻ മോശമായല്ല കളിച്ചത്. പക്ഷേ, എനിക്ക് മാത്രം യാതൊരു പിന്തുണയും ലഭിക്കുന്നില്ല. ഞാൻ ടീമിനു വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ഏറെ മത്സരങ്ങളിൽ ടീമിനെ വിജയിപ്പിച്ചിട്ടുമുണ്ട്. നല്ല പ്രകടനം നടത്തിയിട്ടും 2018-2020 കാലയളവിൽ വേണ്ട ഫലം ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നി. എത്രയധികം ശ്രമിച്ചാലും ഫലം അതിലും അകലെയായി എനിക്ക് തോന്നിയിരുന്നു. സഹായത്തിനു കാത്തുനിൽക്കാത്ത വ്യക്തിയാണ് ഞാൻ. എന്നാൽ, ആ സമയത്ത് എനിക്ക് പിന്തുണ വേണമെന്ന് തോന്നി. എന്നാൽ, അതെനിക്ക് ലഭിച്ചില്ല.”- അശ്വിൻ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് അശ്വിൻ നടത്തുന്നത്. 81 മത്സരങ്ങളിൽ നിന്ന് 427 വിക്കറ്റുകൾ നേടിയ താരം ബാറ്റ് കൊണ്ടും നിർണായക സംഭാവനകളാണ് നൽകുന്നത്. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളിൽ മൂന്നാമതാണ് അശ്വിൻ. പരിമിത ഓവർ മത്സരങ്ങളിലും അശ്വിൻ നടത്തുന്നത് മികച്ച പ്രകടനങ്ങളാണ്.
Story Highlights : r ashwin talks about retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here