കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബില്ല് നിയമസഭയിൽ പാസാക്കി

കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബില്ല് നിയമസഭയിൽ പാസാക്കി. ശബ്ദവോട്ടോടെയായിരുന്നു ബില്ല് പാസാക്കിയത്. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. ബഹളത്തിനിടെ സ്പീക്കർ വിശ്വേശര കെഗേരി ബില്ല് പാസായതായി അറിയിച്ചു. ( karnataka passes anti conversion bill )
നിർബന്ധിതമായി മതപരിവർത്തനം നടത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കുമെന്ന് ബില്ലിൽ പറയുന്നു.
മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം. ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ, 25,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകൾ, എസ്‌സി/എസ്ടി എന്നീ വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കുകയും, 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്.
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതം മാറാൻ താത്പര്യമുള്ളവർ ജില്ലാ മജിസ്‌ട്രേറ്റിന് മുൻപാകെ അപേക്ഷ സമർപ്പിക്കണം. മജിസ്‌ട്രേറ്റ്, പൊലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ അപേക്ഷ നൽകി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.
Story Highlights : karnataka passes anti conversion bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here